5.7 മില്യണ്‍ ഉബര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

News Desk November 22, 2017

സാന്‍ ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഉബര്‍ സർവീസിന്റെ 57000 മില്യണ്‍ ഉപഭോക്താക്കളെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയും ആറ് ലക്ഷത്തിലധികം ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പറും ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി ഉബര്‍ അറിയിച്ചു. 2016-ല്‍ ആണ് രണ്ട് ഹാക്കര്‍മാര്‍ ചേര്‍ന്ന് ഈ മോഷണം നടത്തിയിരിക്കുന്നതെന്നും ബ്ലൂബര്‍ഗിന്റെ റിപ്പോര്‍ട്ടുണ്ട്.

തേര്‍ഡ് പാര്‍ട്ടി സെര്‍വറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഉബര്‍ സിഇഒ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നു പറയുന്ന വിവരങ്ങള്‍ ഉപഭോക്താക്കള്‍ ഭയപ്പെടുന്ന രീതിയിലുളള ഡേറ്റകളല്ലെന്നും വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഉടന്‍ ഹാക്കര്‍മാരെ പിടികൂടാന്‍ നിയമനടപടി സ്വീകരിച്ചതായും ചീഫ് എക്‌സിക്യൂട്ടീവ് ദാരാ ഖോസ്രോഷാഹി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായി ഫയലുകളും വിവരങ്ങളും നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍, ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പറുകളും ഉപഭോക്താക്കളുടെ വ്യക്തിപരമായ ചില വിവരങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ ട്രിപ്പ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഇപ്പോഴും സുരക്ഷിതമാണ്. ഈ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്ന് കമ്പനിയുടെ ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ഈ സംഭവത്തിന് ശേഷം ഉപയോക്താക്കളുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിഇഒ ഉറപ്പുനല്‍കി.

 

Read more about:
EDITORS PICK