ലക്നൗ:ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം നടത്തിയ ലാബ് പരിശോധനയില്‍ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് നെസ്ലെയ്ക്ക് ജില്ലാ ഭരണകുടം 45 ലക്ഷം രൂപ പിഴ ചുമത്തി. മൂന്ന് വിതരണക്കാര്‍ക്ക് 15 ലക്ഷം രൂപയും രണ്ട് വ്യാപാരികള്‍ക്ക് 11 ലക്ഷം രൂപ വീതവുമാണ് പിഴ ചുമത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മാഗിക്ക് പണി കിട്ടിയത്. കഴിഞ്ഞ നവംബറിലാണ് മാഗിയുടെ സാമ്പിള്‍സ് ജില്ലാ ഭരണകുടം പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
മാഗിയുടെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി), ലെഡ് എന്നിവ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരത്തെ രാജ്യവ്യാപകമായി മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ചില സംസ്ഥാനങ്ങളില്‍ വിലക്ക് പിന്‍വലിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് തയ്യാറായിരുന്നില്ല. രാജ്യത്തെ അംഗീകൃത ലാബുകളില്‍ നിന്ന് അനുകൂല പരിശോധന ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാഗി വീണ്ടും വില്‍പ്പനയ്ക്കായി എത്തിയത്.