രാമക്കൽമേട്ടിലേക്ക് ഒരു യാത്ര..

Pavithra Janardhanan December 8, 2017

നിലയ്ക്കാത്ത കാറ്റിന്റെ കൂടാരമാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റര്‍ കിഴക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ (3560 അടി) ഉയരത്തില്‍ ആണ് ഈ സ്ഥലം.

ശരാശരി കണക്ക് വെച്ച് ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന സ്ഥലമാണിത്. മണിക്കൂറില്‍ ശരാശരി 32.5 കിലോമീറ്റര്‍ വേഗം. ചിലയവസരങ്ങളില്‍ അത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാകും.

നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്.

പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍, ആയിരത്തിലേറെ മീറ്റര്‍ അഗാധതയില്‍, പര്‍വതച്ചുവട്ടില്‍ മറ്റൊരു ലോകം ആരംഭിക്കുന്നു. നോക്കെത്താ ദൂരത്തോളം എത്തുന്ന താഴ്‌വരയുടെ ലോകം.

അവിടെ ആ സമതലത്തില്‍ ചതുരപ്പാടങ്ങള്‍. തെങ്ങിന്‍തോപ്പുകളും നാരകത്തോട്ടങ്ങളും, മുന്തിരിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങളും. ദൂരെ ആകാശത്തിന്റെ അതിരോളം പടര്‍ന്നുകിടക്കുന്ന താഴ്‌വര തമിഴ് കാര്‍ഷികമേഖലയാണ്.

പച്ചപ്പിന്റെ ചതുരങ്ങള്‍ക്കിടയില്‍, ചതുരംഗപ്പലകയിലെ കരുക്കള്‍ പോലെ പട്ടങ്ങളുടെയും ഗ്രാമങ്ങളുടെയും വിദൂരദൃശ്യങ്ങള്‍-തേവാരം, കമ്പം, കൊബൈ തുടങ്ങിയ പട്ടണങ്ങളാണത്. നല്ല പ്രകാശമുള്ള സമയമാണെങ്കില്‍, രാമക്കല്‍മേട്ടില്‍ നിന്ന് മധുരയുടെ സാന്നിധ്യവും അനുഭവിക്കാം.

ത്രേതായുഗത്തില്‍ സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഈ മേടിലെത്തിയെന്നാണ് ഐതീഹ്യം. സേതുബന്ധനത്തിന് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞതിനാലാണത്രേ, ഈ സ്ഥലത്തതിന് രാമക്കല്‍മേട് എന്ന പേര് വന്നത്.

Read more about:
EDITORS PICK