കക്കാ വിരമിച്ചു

Sumathi December 18, 2017

ബ്രസീലിന്റെ സ്റ്റാര്‍ മിഡ് ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

35 വയസ്സുകാരനായ കക്കാ ഓര്‍ലന്റോ സിറ്റിയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കക്കായെ സ്റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ചുള്ള സൂചനയും നല്‍കി.

എ.സി മിലാന്‍ ക്ലബില്‍ കളിക്കാനല്ല മറിച്ച്. ക്ലബ് മാനേജര്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍, പോലുള്ള ഏതെങ്കിലും റോളില്‍ മിലാന്‍ ടീമിന്റെ  ഭാഗമാകാനാണ് തന്റെ ആഗ്രഹമെന്ന് കക്കാ ഒരു ബ്രസീലിയന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

2007 ലെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷം മിലാന്‍ ക്ലബിന്റെ മാനേജിങ് ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അന്ന് കക്കാ അത് നിരസിച്ചിരുന്നു. ”ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറാവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇനി പുതിയ റോളിലേക്ക് വരുമ്പോള്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം” കക്കാ പറഞ്ഞു.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയും എ.സി മിലാന്‍ ക്ലബിന് വേണ്ടിയുമാണ് കക്കാ കൂടുതല്‍ ബൂട്ടണിഞ്ഞത്. സാവോ പോളോയാണ് കക്കായുടെ ആദ്യ ക്ലബ്. 2002 ല്‍ ബ്രസീല്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു.

Read more about:
EDITORS PICK
SPONSORED