തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ച് ബെംഗളുരു

Pavithra Janardhanan December 22, 2017

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ഇഞ്ചുറി ടൈമില്‍ ട്രിനിഡാഡെ ഗോണ്‍സാലസ് നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീര്‍ത്ത കോപ്പലാശന്റെ ജംഷഡ്പൂരിന് മറികടക്കാന്‍ പേരു കേട്ട ബെംഗളൂരു എഫ്.സിക്ക് കഴിയാതെ പോയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി ജംഷഡ്പൂര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍ക്കാനായിരുന്നു ബെംഗളൂരിവിന്റെ വിധി. ഇരു ടീമുകളും തങ്ങളുടെ പതിവ് ശൈലിയിലാണ് മത്സരം തുടങ്ങിയത്. ബെംഗളൂരു എഫ്.സി ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തപ്പോള്‍ ജംഷഡ്പൂര്‍ എഫ്.സി പ്രതിരോധത്തിലൂന്നി കൗണ്ടര്‍ അറ്റാക്കിങ് ഫുട്ബോളാണ് പുറത്തെടുത്തത്.

ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ ബെംഗളൂരു എഫ്.സിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കൗണ്ടര്‍ അറ്റാക്കിങ് ഫുട്ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച ജംഷഡ്പൂര്‍ ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാര്യമായി പരീക്ഷിച്ചതുമില്ല.

ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രിക്കും എഡു ഗാര്‍സിയക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഉദാന്ത സിങ് ജംഷഡ്പൂര്‍ പ്രതിരോധം മറികടന്നപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ സുബ്രത പോള്‍ ജംഷഡ്പൂരിന്റെ രക്ഷക്കെത്തി.

രണ്ടാം പകുതിയില്‍ കുറച്ചുകൂടി ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ജംഷഡ്പൂര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ബെല്‍ഫോര്‍ട്ടിന് കിട്ടിയ മികച്ചൊരു അവസരം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജെറിക്ക് കിട്ടിയ മികച്ചൊരു അവസരവും പോസ്റ്റിന് തൊട്ടുരുമ്മി പുറത്ത് പോയി. ഗോള്‍ നേടാന്‍ ഛേത്രിക്ക് കിട്ടിയ അവസരങ്ങള്‍ എല്ലാം സുബ്രത പോളിനെ മറികടക്കാന്‍ കഴിഞ്ഞതുമില്ല.

തുടര്‍ന്നാണ് സമീഗ് ദൗത്തിയെ രാഹുല്‍ ബേക്കേ ഫൗള്‍ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി റഫറി ഫൗള്‍ പെനാല്‍റ്റി വിളിച്ചത്. തുടര്‍ന്ന് ട്രിനിഡാഡെ ഗോണ്‍സാലസ് ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന് ഒരു അവസരവും നല്‍കാതെ ഗോളാക്കുകയായിരുന്നു.

തോല്‍വിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള മികച്ച അവസരം ബെംഗളുരുവിന് നഷ്ടമായി, ജംഷഡ്പൂര്‍ ആവട്ടെ കളിച്ച 6 കളികളില്‍ 5ലും ഗോള്‍ വഴങ്ങാതെ തങ്ങളുടെ പ്രതിരോധം മികച്ചതാണെന്ന് തെളിയിച്ചു.

Tags:
Read more about:
EDITORS PICK
SPONSORED