തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി!

Pavithra Janardhanan December 23, 2017

ചെന്നൈ: തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി. കരുത്തരായ ചെന്നൈക്കെതിരെ അവസാന നിമിഷത്തെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കടന്നു കൂടിയത്.

അവസാന നിമിഷം വിനീത് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് സമനില. മികച്ച അറ്റാക്കിങ് ഫുട്ബോള്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിച്ച്‌ പോരാട്ടം നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ചെന്നൈയിനോട് 1 -1ന് സമനില പിടിക്കുകയായിരുന്നു.

കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ഗോള്‍ വഴങ്ങിയിട്ടും ഗോള്‍ തിരിച്ചടിച്ച്‌ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ജയം അര്‍ഹിച്ചിരുന്നു.

ആദ്യ പകുതിയില്‍ ചെന്നൈയിന്‍ എഫ്.സി ബ്ലാസ്റ്റേഴ്സിനെ കൗണ്ടര്‍ അറ്റാക്കിങ് ഫുട്ബോള്‍ കളിച്ച്‌ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച സന്തോഷ് ജിങ്കനും ലാകിച് പെസിച്ചും ചെന്നൈയിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ആദ്യ പകുതിയില്‍ ലീഡ് നേടാനുള്ള മികച്ചൊരു അവസരം ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കേജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയതും കേരളത്തിന് വിനയായി. വിനീതും പെകുസണും ചേര്‍ന്ന് നടത്തിയ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിനൊടുവില്‍ കിട്ടിയ അവസരമാണ് ജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയത്.

റെനെയുടെ വിശ്വസ്തനായ റിനോ ആന്റോ ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്ത് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ മത്സരം ഗോള്‍ രഹിത സമനിലയിലായിരുന്നു.

രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പെകൂസന്റെ മികച്ചൊരു ഷോട്ട് കരണ്‍ജിത് രക്ഷപെടുത്തിയതും കേരളത്തിന് നിരാശ സമ്മാനിച്ചു. തുടര്‍ന്ന് ഗ്രിഗറി നെല്‍സന്റെ മികച്ചൊരു ഷോട്ട് പോള്‍ റചുബ്ക രക്ഷപെടുത്തിയതും കേരളത്തിന് രക്ഷയായി.

മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരളത്തിന് എതിരായി റഫറി പെനാല്‍റ്റി വിളിച്ചത്. സന്തോഷ് ജിങ്കന്‍ വഴങ്ങിയ പെനാല്‍റ്റി റെനെ മിഹേലിച്ച്‌ ഗോളാക്കി ചെന്നൈയിന് ലീഡ് നല്‍കുകയായിരുന്നു.

പക്ഷെ ജിങ്കനും വിനീതും തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജിങ്കന്‍റെ മികച്ചൊരു ക്രോസില്‍ നിന്ന് ഗോള്‍ നേടി വിനീത് കേരള ബ്ലാസ്റ്റേഴ്സിന് അര്‍ഹിച്ച സമനില നേടി കൊടുക്കുകയായിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED