വോഡഫോണ്‍ വോള്‍ട്ട് സേവനങ്ങള്‍ക്ക് 2018 ജനുവരിയില്‍ തുടക്കം കുറിക്കും

Pavithra Janardhanan December 26, 2017

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ തങ്ങളുടെ വോള്‍ട്ട് സേവനങ്ങള്‍ക്ക് 2018 ജനുവരിയില്‍ തുടക്കം കുറിക്കും. ആദ്യ ഘട്ടത്തില്‍ മുംബൈ, ഗുജറാത്ത്, ഡെല്‍ഹി, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന വോള്‍ട്ട് (വോയ്സ് ഓവര്‍ എല്‍ടിഇ) സേവനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാക്കും.

വോഡഫോണിന്റെ വോള്‍ട്ട് സേവനങ്ങള്‍ മികച്ച ശബ്ദ വ്യക്തതയോടു കൂടിയ എച്ച്‌ഡി നിലവാരത്തിലെ കോളുകള്‍ ഏറ്റവും മികച്ച കോള്‍ കണക്‌ട് സമയത്തിലൂടെ വോഡഫോണ്‍ സൂപ്പര്‍ നെറ്റ് 4ജി ഉപഭോക്താക്കള്‍ക്കു അനുഭവിക്കാനാവും. അധിക ചാര്‍ജുകളൊന്നും നല്‍കാതെ വോള്‍ട്ട് ആസ്വദിക്കാന്‍ വോഡഫോണ്‍ 4ജി ഉപഭോക്താക്കള്‍ക്ക് സാധിക്കും. വോഡഫോണ്‍ വോള്‍ട്ട് പിന്തുണ ലഭിക്കുന്ന ഹാന്‍ഡ് സെറ്റും ഒരു 4ജി സിമ്മും മാത്രമാണ് ഇതിന് ആവശ്യമുണ്ടാകുക.

പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റല്‍ സേവനങ്ങളുമായി വോഡഫോണ്‍ ഭാവിയിലേക്കായി തയ്യാറായിരിക്കുകയാണെന്ന് വോള്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നതു പ്രഖ്യാപിച്ചു കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനില്‍ സൂദ് പറഞ്ഞു.

വോള്‍ട്ട് അവതരിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുമെന്നും അവര്‍ക്ക് പുതിയ സാധ്യതകള്‍ ലഭ്യമാക്കിക്കൊണ്ട് എച്ച്‌.ഡി. നിലവാരമുള്ള കോളിങ് സാധ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ശക്തമായ ഡാറ്റാ പിന്തുണയുള്ള ശൃംഖലയില്‍ ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടു വെയ്പാണ് വോഡഫോണ്‍ വോള്‍ട്ട് എന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ശക്തമായ ഡാറ്റാ ശൃംഖലയാണ് വോഡഫോണ്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 1,40,000 സൈറ്റുകള്‍ വഴി മികച്ച കോള്‍ നിലവാരവും മൊബൈല്‍ ഇന്റര്‍നെറ്റ് അനുഭവവുമാണ് ലഭ്യമാക്കുന്നത്. മികച്ച തുടര്‍ച്ചയായ കണക്ടിവിറ്റി നല്‍കുന്നതും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതുമായ ഈ മുഖ്യ ഘടകം വോഡഫോണിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

Tags:
Read more about:
EDITORS PICK