നടുവിരല്‍ നമസ്‌കാരം ഇമോജി കലാപത്തിനു വഴിവെക്കും, നീക്കം ചെയ്യാന്‍ വാട്‌സ് ആപ്പിനു ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്‌

News Desk December 27, 2017

ന്യൂഡല്‍ഹി: മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന് ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്. നടുവിരല്‍ ഉയര്‍ത്തിയുള്ള ഇമോജി വാട്സ്ആപ്പില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തെ സമയമാണ് നല്‍കിയത്.

ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗാണ് വാട്‌സ് ആപ്പിന് എതിരെ പരാതിയുമായി എത്തിയത്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിതെന്ന് വാദിച്ച അഭിഭാഷകന്‍ ഇത് അശ്ലീലമാണെന്നും ആഭാസം നിറഞ്ഞ ശരീരചേഷ്ടയാണെന്നും നോട്ടീസില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് വഴി, പരസ്യമായി കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വാട്‌സ്ആപ്പ് എന്നും ഗുര്‍മീത് സിംഗ് ആരോപിച്ചു. 15 ദിവസത്തിനുള്ളില്‍ ഇമോജികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.

Tags:
Read more about:
EDITORS PICK