കപ്പ കൃഷി ചെയ്യേണ്ടതിങ്ങനെ

Pavithra Janardhanan December 27, 2017

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍ രാജവംശമാണ്.

ശീതപാതവും കടുത്ത മഞ്ഞുമുണ്ടാകുന്ന പ്രദേശങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവും മരച്ചീനിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴ തീരെ കുറവായ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം.

വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വെട്ടുകല്‍മണ്ണ്, തീരപ്രദേശത്തുള്ള മണല്‍ മണ്ണ്, തിരുവനന്തപുരം ജില്ലയില്‍ കണ്ടു വരുന്ന ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു.മരച്ചീനി കൃഷി മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുമെന്നുള്ളതിനാല്‍ ചരിവുള്ളിടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ശരിയായ മണ്ണ് സംരക്ഷണ നടപടികള്‍ എടുക്കേണ്ടതാണ്.

മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.
ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.( ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം )
നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.
പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നല്‍കാം. ഭാവഹം മുഴുവന്‍ അടിവളമായി നല്‍കാവുന്നതാണ്.
തുടര്‍ച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ഭാവഹത്തിന്റെ അളവ് ശുപാര്‍ശ ചെയ്തതിന്റെ പകുതിമതിയാകും. കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.
ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുമ്പോള്‍ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങള്‍ കൂടിയ തോതില്‍ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.
കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.
കൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്.
പ്രധാന നടീല്‍ സമയം
ഏപ്രില്‍ – മെയ്‌/സെപ്റ്റംബര്‍ – ഒക്ടോബര്‍,
ഫെബ്രുവരി – ഏപ്രില്‍ – നനയുള്ള സ്ഥലങ്ങളില്‍
ഏപ്രില്‍ – മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.
സ്ഥലത്തിന്റെ കിടപ്പനുസരിച്ച് വരമ്പുകളിലോ കൂനകളിലോ കമ്പുകള്‍ നടാം. കമ്പുകളുടെ അടിവശം ചെത്തിമിനുസപ്പെടുത്തിയ ശേഷം 90 x 90 സെ.മീ അകലത്തില്‍ 4 – 6 സെ.മീ ആഴത്തില്‍ നടാം . M-4 പോലെയുള്ള ശാഖകളില്ലാത്ത ഇനങ്ങള്‍ 75 x 75 സെ.മീ. അകലത്തില്‍ നടാവുന്നതാണ്. നട്ട് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മുളയ്ക്കാത്ത കമ്പുകള്‍ക്ക് പകരം പുതിയവ നടാം. ഇവയ്ക്ക് 40 സെ.മീ. വരെ നീളമാകാം.
Tags:
Read more about:
EDITORS PICK
SPONSORED