ദക്ഷിണാഫ്രിക്കയില്‍ പഞ്ചാബി സ്‌റ്റൈല്‍ നൃത്തവുമായി കോഹ്ലിയും ധവാനും, വീഡിയോ വൈറല്‍

News Desk January 1, 2018

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആഘോഷത്തിമര്‍പ്പിലാണ്. വിവാഹശേഷം വിരുഷ്‌ക ദമ്പതികള്‍ തങ്ങളുടെ ആദ്യ ന്യൂ ഇയര്‍ ആഘോഷിച്ചതും ദക്ഷിണാഫ്രിക്കയിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ മറ്റൊരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

കേപ്ടൗണിലെ വി ആന്റ് എ വാട്ടര്‍ഫ്രണ്ടില്‍ വിരാട് കോഹ്ലിയും ശിഖര്‍ ധവാനും നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തെരുവ് ഗായക സംഘത്തിന്റെ മ്യൂസിക്കിന് പഞ്ചാബി സ്‌റ്റൈലില്‍ കോഹ്ലിയും ധവാനും നൃത്തം ചവിട്ടുന്നതാണ് വിഡിയോ. ഇരുവരും മതിമറന്ന് നൃത്തം ചെയ്യുമ്പോള്‍ ധവാന്റെ മകന്‍ സൊരാവര്‍ ഇടപെട്ട് അച്ഛനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ജനുവരി 5 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരം ആരംഭിക്കുന്നത്. ഇന്നലെ മഴമൂലം ഇന്ത്യന്‍ താരങ്ങള്‍ക്ക് മൈതാനത്ത് പ്രാക്ടീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഇന്‍ഡോറിലാണ് താരങ്ങള്‍ പ്രാക്ടീസ് ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ മൂന്നു ടെസ്റ്റും 6 ഏകദിനങ്ങളും മൂന്നു ട്വന്റി 20 യുമാണ് ഇന്ത്യ കളിക്കുക.

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടെസ്റ്റ് സീരീസും ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണത്തെ ടെസ്റ്റ് സീരീസ് നേടാനായാല്‍ അത് ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിക്ക് കരിയറിലെ മികച്ച നേട്ടമാകും.

Read more about:
EDITORS PICK