ഷെറിന്‍ മാത്യൂസിന്റെ കൊലയ്ക്കു പിന്നിലെ കൊടുംക്രൂരതകള്‍ പുറത്ത്! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

News Desk January 4, 2018

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ടത് ക്രൂരമായ അക്രമത്തെത്തുടര്‍ന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നേരത്തെ പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.

എന്നാല്‍ വീടിനടുത്തുള്ള കലുങ്കിനു സമീപത്തുനിന്ന് കണ്ടെടുത്ത കുട്ടിയുടെ മൃതദേഹത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം അഴുകിയതിനാല്‍ കൃത്യമായ പരിശോധനയ്ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ റിച്ചാര്‍ഡ്സനിലെ വസതിയില്‍ നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയത്.

പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

സംഭവത്തില്‍ വെസ്ലിയേയും ഭാര്യ സിനി മാത്യൂസിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെറിന്‍ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റെസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോണ്‍ റെക്കോര്‍ഡുകളും റെസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.

കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു നല്‍കിയ മൊഴി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് വെസ്ലിയും സിനിയും ഷെറിനെ ദത്തെടുത്തത്.

Read more about:
RELATED POSTS
EDITORS PICK