നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ ധോണി വീണ്ടും മഞ്ഞക്കുപ്പായം അണിയുന്നു

News Desk January 5, 2018

മഹേന്ദ്ര സിംങ് ധോണി എന്ന മഹേന്ദ്രജാലക്കാരനെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്. ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിലേക്കാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന ധോണിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. ധോണിയെ കൂടാതെ സുരേഷ് റെയ്‌നയേയും, രവീന്ദ്ര ജഡേജയേയും ചെന്നൈ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

ധോണിയെ 15 കോടി രൂപയ്ക്കും, റെയ്‌നയെ 11 നും ജഡേജയെ ഏഴും കോടി രൂപയ്ക്കുമാണ് ചെന്നൈ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഐ.പി.എല്‍ പത്തു സീസണ്‍ പിന്നിട്ടതിനാല്‍ പതിനൊന്നാം സീസണിലേക്കു കടക്കുന്നതിനു മുമ്പായി ടീം മൊത്തത്തില്‍ അഴിച്ചു പണിയേണ്ട ആവശ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ടീമുകളില്‍ നിലവിലുള്ള താരങ്ങളുടെ പട്ടികയില്‍ നിന്നും മൂന്നു പേരെ മാത്രമാണ് ഈ സീസണിലേക്കായി ഓരൊ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുന്നത്.

ചെന്നൈയുമായുള്ള തന്റെ വലിയ ഉടമ്പടി ഒപ്പിടുന്ന ധോണിയുടെ വീഡിയോ സി.എസ്.കെ തങ്ങളുടെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. ധോണിയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ ആഹ്ലാദത്തിലാക്കി വൈറലാകുന്നത്. ധോണിയുടെ മകളായ സിവയും വീഡിയോയില്‍ ധോണിക്കൊപ്പം ഉണ്ട്.

 

 

 

കോഴ വിവാദത്തില്‍ പെട്ട് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷമാണ് ചെന്നൈ ഐ.പി.എല്ലിലേക്കു തിരിച്ചു വരുന്നത്. ജനുവരി 27, 28 തിയതികളില്‍ നടക്കുന്ന താരലേലത്തിനും ടീം പങ്കെടുക്കും.

കഴിഞ്ഞ രണ്ടും തവണ ചെന്നൈ ഐ.പി.എല്‍ കിരീടം ചൂടിയതിനു പിന്നില്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. 2010 ലും 2011 ലും ചെന്നൈയുടെ തുടര്‍ച്ചയായ ഐ.പി.എല്‍ നേട്ടം ധോണി എന്ന ക്യാപ്റ്റന്‍കൂളിന്റെ മികവിന്റെ ബലത്തിലായിരുന്നു. 2010ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗിലും ധോണി സി.എസ്.കെയെ തലപ്പത്ത് എത്തിച്ചു.

ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവ് എന്തെന്നു മനസ്സിലാക്കാന്‍ അധികം ഒന്നും ചിന്തിക്കേണ്ടി വരില്ല. അത് എന്താണെന്നു സ്വന്തം റെക്കോര്‍ഡുകള്‍ കൊണ്ട് പലവട്ടം ക്രിക്കറ്റ് ആരാധകര്‍ക്കു കാണിച്ചു തന്നിട്ടുണ്ട്. 2007 ലെ ട്വിന്റി 20 ലോകകപ്പിലും, 2011 ലെ ലോകകപ്പിലും ഇന്ത്യയെ സ്വര്‍ണ്ണ സിംഹാസനത്തില്‍ ഇരുത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയാണ്.

2008-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമരക്കാരനായാണ് ധോണി തന്റെ ഐ.പി.എല്‍ കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ പത്തു സീസണുകളില്‍ 159 മത്സരങ്ങളില്‍ നിന്നും 3561 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

Read more about:
EDITORS PICK