ഹൃദ്രോഗമോ, സ്ത്രീകള്‍ക്കോ..?

Pavithra Janardhanan January 8, 2018

ഹൃദ്രോഗമോ, സ്ത്രീകള്‍ക്കോ..?ഇങ്ങനെ ചോദിക്കാത്ത സ്ത്രീകളില്ലെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ഹൃദ്രോഗം ഒരു പുരുഷരോഗമാണെന്നാണ് സ്ത്രീകളുടെ പൊതുധാരണ. ആണുങ്ങളെപ്പോലെ പ്രകടമായ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണാത്തതാണ് ഇതൊരു പുരുഷരോഗമായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നത്.

നിശ്ശബ്ദഹൃദയാഘാതമാണ് പലപ്പോഴും സ്ത്രീകളിലുണ്ടാവുന്നത്. പ്രകടമായ നെഞ്ചുവേദന അവര്‍ക്ക് ഉണ്ടാവണമെന്നില്ല. ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ തുടങ്ങിയവയാവും പലപ്പോഴും പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് കരുതി സ്ത്രീകള്‍ തള്ളിക്കളയും.

ഇന്ത്യയില്‍ ഏകദേശം 20 ശതമാനം സ്ത്രീകളിലും ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ മരണത്തില്‍ 17 ശതമാനത്തിനും കാരണമാവുന്നതും ഹൃദ്രോഗമാണ്. ഹാര്‍ട്ട്അറ്റാക്ക് ഉണ്ടായാല്‍ പുരുഷന്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെങ്കില്‍ സ്ത്രീ മരിക്കാനുള്ള സാധ്യത 65 ശതമാനമാണ്.

അതേപോലെ ആദ്യഅറ്റാക്കില്‍ തന്നെയുള്ള മരണസാധ്യതയും വീണ്ടും ഹൃദയസ്തംഭനം വരാനുള്ള സാധ്യതയും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ടുതന്നെ പ്രാഥമിക ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ള സ്ത്രീകളില്‍ ചെറുപ്രായത്തില്‍തന്നെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാം. മാനസിക സംഘര്‍ഷം, പൊണ്ണത്തടി തുടങ്ങിയവയും സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.

”ഭര്‍ത്താവിന് കൊഴുപ്പുകുറഞ്ഞ ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കും. പക്ഷേ സ്വന്തം കാര്യത്തില്‍ അങ്ങനെയൊരു മിതത്വം പാലിക്കുകയുമില്ല. ബാക്കിയാവുന്ന ഭക്ഷണം മുഴുവന്‍ കളയണ്ടല്ലോയെന്ന് കരുതി അവര്‍തന്നെ അകത്താക്കും. ഇതൊരു പതിവാകുമ്പോള്‍ പൊണ്ണത്തടി കൂടെയെത്തുന്നു. പതുക്കെ ഹൃദ്രോഗവും”.

”പ്രമേഹമാണ് സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കുന്ന പ്രധാനകാരണം. ഗര്‍ഭകാലത്ത് പലര്‍ക്കും പ്രമേഹമുണ്ടാവാറുണ്ട്. പ്രസവം കഴിയുന്നതോടെ അതില്ലാതാവുകയും ചെയ്യും. അതുകൊണ്ട് പിന്നീടതിനെപ്പറ്റി ചിന്തിക്കുകയേയില്ല. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായവര്‍ക്ക് പിന്നീട് രോഗം തുടര്‍ന്നുവരാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്’ .

”ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സപ്പോര്‍ട്ട് ഉണ്ടല്ലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാക്കുന്ന രക്തം കട്ടപിടിക്കല്‍ സാധ്യത കുറവാണെന്ന ധാരണ ഡോക്ടര്‍മാരിലുണ്ട്. പുതിയ ജീവിതശൈലിയുടെയും ഭക്ഷണത്തിന്റെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നുണ്ട്.

നേരത്തെ ആര്‍ത്തവവിരാമം വരുന്ന സ്ത്രീകളുടെ എണ്ണവും പെരുകുന്നു. ഈസ്ട്രജന്റെ സംരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീ ശരീരം ഹൃദ്രോഗത്തിനിരയാവാം.” അതുകൊണ്ട് ആര്‍ത്തവവിരാമ ശേഷമെങ്കിലും സ്ത്രീകള്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Read more about:
EDITORS PICK