ജനുവരി 25 ന് ‘പദ്മാവത്’ ആയി ‘പദ്മാവതി’ എത്തുന്നു

Pavithra Janardhanan January 9, 2018

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയായിരുന്നു 2017-ല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച സമയം മുതല്‍ തിരി കൊളുത്തിയ വിവാദം ഇന്നും കെട്ടടങ്ങാതെ ആളിക്കത്തുകയാണ്.

‘പത്മാവതി’ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് യോഗി സര്‍ക്കാര്‍

ഒടുവിൽ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം പദ്മാവതി എന്ന സിനിമയുടെ പേരുമാറ്റി ‘പദ്മാവത്’ എന്നാക്കി.  ഒടുവിൽ പദ്മാവത്  തീയേറ്ററുകളിലെത്തുന്നു. ജനുവരി 25 ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. 2017 ഡിസംബർ 1 നു റിലീസ് ചെയ്യാനിരുന്ന ചിത്രം വിവാദങ്ങളെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

രജപുത്രറാണിയായ പദ്മാവതിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ പദ്മാവതിയായി ദീപികാ പദുക്കോണ്‍ വേഷമിടുമ്പോള്‍ അലാവുദ്ദിന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും എത്തുന്നു.

മൂന്ന് ഉപാധികളോടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. സിനിമയുടെ പേര് ‘പദ്മാവത്’ എന്നാക്കണം എന്നതായിരുന്നു ആദ്യത്തേത്.

മാത്രമല്ല ചിത്രത്തിലെ 26 ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലെന്നുള്ള മുന്നറിയിപ്പ് നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

വിവാദങ്ങൾക്കും ഭീക്ഷണികൾക്കും ഒടുവിൽ ഒരു സംഘം ചരിത്രകാരന്മാരുടെ മുൻപിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 5 ഭേദഗതികളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി. അതിൽ നിർദേശിക്കപ്പെട്ട ഒരു മാറ്റത്തെ തുടർന്നാണ് പദ്മാവതി എന്ന മുൻ പേര് മാറ്റി ചിത്രം പദ്മാവത് ആയത്. മാലിക് മുഹമ്മദ് ജയസിയുടെ പദ്മാവത് എന്ന രചനയാണ്‌ സഞ്ജയ് ലീല ബൻസാലി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനാധാരം.

ബിസിനസ് അനലിസ്റ്റായ ടാരൻ ആദർശ് ആണ് ട്വിറ്ററിലൂടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിൻറെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജപുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ​പുത്​ സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ദീപികക്കെതിരെ ഭീഷണിയുമായി കർണി സേന

Tags:
Read more about:
EDITORS PICK