രാജാവിന്റെ മകന്‍ ‘ആദി’യുമായി 26ന് എത്തും; ചിത്രം റിലീസിന് എത്തുന്നത് 200ല്‍ അധികം തിയറ്ററുകളിലോ?

News Desk January 10, 2018

അതേ.. രാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ബോക്‌സോഫീസില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രം ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ജനുവരി 26ന് തിയറ്ററുകളില്‍ എത്തുകയാണ്‌. ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്സ് ലാബ് എന്നിവയ്ക്കാണ്. ഇരുനൂറില്‍ പരം സ്ക്രീനുകളിലായി ‘ആദി’ പ്രേക്ഷകരിലേക്ക് ഇതും എന്നാണു ഇപ്പോള്‍ കിട്ടുന്ന വിവരം.

ഒരു തുടക്കക്കാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ‘ഓപ്പണിംഗ്’ ആണ് പ്രണവിനായി ഒരുങ്ങുന്നത്. അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ.

അഭിനയത്തില്‍ താന്‍ ഒട്ടും പിറകിലല്ല എന്ന് തന്‍റെ ആദ്യ സിനിമ ‘പുനര്‍ജനി’യില്‍ കൂടിത്തന്നെ ലോകത്തോട് തെളിയിച്ചയാളാണ് പ്രണവ്. ബാലതാരമായിട്ടായിരുന്നു പ്രണവ് ആ ചിത്രത്തില്‍ വേഷമിട്ടത്. മുതിര്‍ന്നപ്പോള്‍ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ചിത്രത്തിന്‍റെ ടീസര്‍, നജീം അര്‍ഷാദ് ആലപിച്ച ഗാനം എന്നിവ പുറത്തു വന്നിട്ടുണ്ട്. സൂര്യനെ മുകിലേ എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് അനിൽ ജോൺസണാണ് ഈണം നൽകിയിരിക്കുന്നത്.

Read more about:
EDITORS PICK