ബസിൽ വനിതാ ഡോക്ടർക്ക് നേരെ അശ്ളീല ആംഗ്യം കാണിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

Pavithra Janardhanan January 10, 2018

അടൂർ: യാത്രക്കാരിക്ക് നേരെ അശ്ളീല ആംഗ്യം കാട്ടിയെന്ന പരാതിയിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി തഴവ ചീരംകുളത്ത് പുത്തൻ വീട്ടിൽ നൗഷാദിനെയാണ് പോലീസ് കരുനാഗപ്പളിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി അടൂർ കൊടുമൺ പത്തനംതിട്ട റൂട്ടിലോടുന്ന ശ്രീദേവി ബസ്സിലെ ഡ്രൈവറാണ് നൗഷാദ്. സ്ത്രീത്വത്തെ അപമാനിക്കൽ അശ്ളീല ചുവയോടു കൂടിയ ആംഗ്യം കാണിക്കൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.അടൂരിൽ നിന്നും കൊടുമണിയിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുർവേദ ഡോക്ടറെയാണ് ഇയാൾ സീറ്റിനു പിന്നിലേക്ക് വിരൽ വെച്ച് അശ്ളീല ആംഗ്യം കാണിച്ചത്.ഏഴംകുളം മുതൽ കൊടുമൺ വരെയായിരുന്നു ഇയാളുടെ പ്രദർശനം.

ആ സമയം ഡോക്ടർ തന്റെ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.തുടർന്ന് ഈ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടർക്ക് അയച്ചു കൊടുത്തു.ആ ഡോക്ടർ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

പിന്നാലെ പത്തനംതിട്ട ആർ ടി ഒ ജില്ലാ പോലീസ് മേധാവി എന്നിവർക്ക് മെയിൽ ചെയ്യുകയും ചെയ്തു. പരാതി കിട്ടിയ ആർ ടി ഒ കഴിഞ്ഞ ദിവസം മൂന്നുമാസത്തേക്ക് ഇയാളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.

അതെ സമയം താൻ അശ്ളീല ആംഗ്യം കാണിച്ചതല്ലെന്നും തന്റെ കൈ സീറ്റിനു പിന്നിലേക്ക് വെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Read more about:
EDITORS PICK