#Exclusive മദ്യപിച്ച് നടുറോഡില്‍ മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രകടനം; പോലീസിന്റെ കൈയ്യിന്റെ ചൂടറിഞ്ഞതോടെ എല്ലാം ശാന്തം

Falcon News Desk January 19, 2018

പത്തനംതിട്ട : ശബരിമലയില്‍ ബോംബ് ഭീഷണി ഉണ്ടായ ദിവസം ശക്തമായ പോലീസ് നിരീക്ഷണത്തിലായിരുന്നു പത്തനംതിട്ട നഗരവും. ഈ സമയത്താണ് പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ തനി സ്വഭാവം പുറത്ത് വന്നത്. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ രാത്രി ഒമ്പത് മണിയോടെ മദ്യപിച്ചു ബഹളം വെക്കുകയായിരുന്നു മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. കണ്ട് നിന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അടുത്ത് കൂടിയവര്‍ക്കും നല്ല ചീത്ത കേട്ടു. തുടര്‍ന്നാണ് സംഗതി സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആരോ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞത്. മിനുറ്റുകള്‍ക്കകം സിഐ യും സംഘവും പറന്നെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ കണ്ടതോടെ എങ്ങെയെങ്കിലും അനുനയിപ്പിച്ച് വിടാമെന്ന് പോലീസ് തീരുമാനിച്ചു. പിന്നെ വീട്ടിലേക്ക് വിടാന്‍ പോലീസ് തന്നെ വണ്ടിവിളിച്ചെങ്കിലും രക്ഷയുണ്ടായില്ല.

സി ഐ യും സംഘവും ഇയാളോട് വീട്ടില്‍ പോകാന്‍ പറഞ്ഞെങ്കിലും ഇയാള്‍ സി ഐയേയും ചീത്ത വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ആയിരുന്നു. ഇതോടെ പോലീസിന്റെ രൂപവും ഭാവവും മാറി. തുടര്‍ന്ന് സി ഐ ഇദ്ദേഹത്തെ പോലീസ് വാഹനത്തില്‍ കയറ്റി, സ്റ്റേഷനിലേക്ക് കൊണ്ട്പോയി. പോലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ചെങ്കിലും കഷ്ടപ്പെട്ട് കയറ്റുകയായിരുന്നു. സ്റ്റേഷനിലും താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നും തന്നെ തൊട്ടാല്‍ ഒരു പോലീസുകാരനും സമാധാനം ഉണ്ടാകില്ലെന്നുമൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ക്ഷമകെട്ട പോലീസുകാരൊന്ന് ശരിയ്ക്കും കൈകാര്യം ചെയ്‌തെന്നാണ് വിവരം. ഇതോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശാന്തനായി. സംഭവം അറിഞ്ഞ് ഇയാളുടെ സുഹൃത്തുക്കളും മറ്റും എത്തിയപ്പോഴേക്കും രംഗം ശാന്തമായി.

തുടര്‍ന്ന് പോലീസ് ഇയാളെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി. രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് കണ്ടിട്ട് പോലീസ് പോലും ഞെട്ടിയെന്നും ഊഹാവോഹമുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത്തിനും കേസെടുത്തു ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. മദ്യപിച്ച് ബഹളം വെച്ചതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ പെറ്റി കേസെടുത്തിട്ടുണ്ടെന്ന് പത്തനംതിട്ട സിഐ ഫാല്‍ക്കണ്‍പോസ്റ്റിനോടും വ്യക്തമാക്കി. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം ഇയാള്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് പത്രത്തിന്റെ മാനേജ്‌മെന്റ്. മകരവിളക്കിന്റെ രണ്ട് ദിവസം മുമ്പായിരുന്നു മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നാണക്കേടുണ്ടാക്കിയ ഈ സംഭവം.

Read more about:
EDITORS PICK
SPONSORED