ദുരൂഹത മാറാതെ ശാസ്തമംഗലത്തെ പണിക്കേഴ്‌സ് ലൈനിലെ കൂട്ട ആത്മഹത്യ!

Pavithra Janardhanan February 4, 2018

തിരുവനന്തപുരം: പൊലിസിന് കത്തെഴുതി വിവരമറിയിച്ച് തിരുവനന്തപുരം നഗരത്തിലെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലെയ്ന്‍ എഫ്43; വനമാലിയില്‍ റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (60), മകന്‍ സനത് (40) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി രണ്ട് പോലീസുകാരെ കാവല്‍ നിര്‍ത്തിയിരുന്നു. രാവിലെ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്. മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.

തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു. പൊലിസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.

ഈ കത്തില്‍ നിന്ന് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.സുകുമാരന്‍ നായരുടെ കുടുംബത്തിന് അയല്‍ക്കാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്ങള്‍ അടുപ്പത്തിന് ശ്രമിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ലെന്നും മിക്ക സമയത്തും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു പതിവ്. ഇവര്‍ പുറത്തിറങ്ങുന്നതും കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തികപ്രശ്‌നമോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ളതായി അറിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

അതേസമയം ഈ വീട്ടില്‍ ഒരു സ്വാമി വന്നുപോയിരുന്നതായി മരണവാര്‍ത്തയറിഞ്ഞെ ത്തിയവര്‍ പറയുന്നുണ്ട്. തമിഴ്‌നാട് സ്വദേശിയായ സ്വാമിയെന്നാണ് അവര്‍ പറയുന്നത്. ഈ സ്വാമിയ്ക്കായി വീട്ടില്‍ കാണിക്ക വഞ്ചിയും സ്ഥാപിച്ചിരുന്നത്രേ. ഈ കുടുംബം അമ്പലങ്ങളില്‍ പോയിട്ട് വരുമ്പോള്‍ ഈ കാണിക്ക വഞ്ചിയില്‍ പണം നിക്ഷേപിക്കാറുണ്ടത്രേ. അവസാനം ആ സ്വാമി നേരിട്ടെത്തി പണം കൊണ്ടു പോകാറുണ് പതിവ്.

ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഴുതുകള്‍ അടച്ച് മരണകാരണം കണ്ടെത്താന്‍ എല്ലാ വശവും പരിശോധിക്കുകയാണ് പോലീസ്.

അതേസമയം കാട് വെട്ടിത്തെളിക്കാത്തതാണ് വീട്. മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്‍ക്കുന്ന കാട് ദ്രവിച്ചു തീരാറായ ഗേറ്റ്, ഇടിഞ്ഞു പൊളിഞ്ഞ മതിലിനു പകരമായി അടുക്കി വച്ച ഓലക്കെട്ടുകള്‍. മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ പണിക്കേഴ്‌സ് ലെയിനിലെ വീടിന്റെ വിചിത്രമായ കിടപ്പ് ആരെയും അമ്പരപ്പിക്കും.

ഇടയ്ക്കു വീടിനുള്ളിലെ മാലിന്യങ്ങള്‍ പുറത്തു വളര്‍ന്നു നില്‍ക്കുന്ന കാട്ടിനുള്ളില്‍ കൂട്ടിയിട്ടു കത്തിച്ചതിന്റെ അവശിഷ്ടങ്ങളുമുണ്ട്. ഗേറ്റ് എപ്പോഴും പൂട്ടിയ നിലയിലായിരിക്കും. പത്രം വന്നാല്‍ പോലും ഗേറ്റിനു പുറത്തിടാന്‍ മാത്രമേ അനുവാദമുള്ളൂ. പല ഭാഗങ്ങളിലും ചിതല്‍ കയറി തുടങ്ങിയിട്ടുണ്ട്.20 വര്‍ഷം മുമ്പാണ് ഇവര്‍ വീട് വാങ്ങിയത്. ഫൗണ്ടേഷന്‍ കെട്ടിയ ശേഷം വിറ്റ പുരയിടത്തിലാണ് വീട് നിര്‍മ്മിച്ചത്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിനെതുടര്‍ന്ന് സുകുമാരന്‍ നായരുടെ കുടുംബവുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇന്നലെ വൈകിട്ടെത്തിയതെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍.

സുകുമാരന്‍ നായര്‍ പോലീസിന് അയച്ച കത്തിനെ തുടര്‍ന്നാണ് ബൈക്ക് പട്രോള്‍ സംഘം വീട്ടിലെത്തിയത്. പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ കത്തില്‍ പറഞ്ഞതു പോലെ തുറന്ന നിലയിലായിരുന്നു . ഇംഗ്ലീഷ് കൈപ്പടയിലായിരുന്നു കത്ത്. കുറെയധികം ചില്ലറപ്പൈസയും കൂട്ടിവച്ചിരുന്നു.

കിളിമാനൂരുള്ള ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറും കത്തിലുണ്ടായിരുന്നു. മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഞെട്ടലിലായി. അതിനിടെ ഇന്നലെ രാവിലെ ഇവരെ വീടിനു മുന്നില്‍ കണ്ടിരുന്നതായി ചിലര്‍ അറിയിച്ചതോടെ പോലീസിന് ആശയക്കുഴപ്പമായി.എല്ലാ ദിവസവും രാത്രി 12 നു വീട്ടിനുള്ളില്‍ പൂജയോ പ്രാര്‍ത്ഥനയോ നടക്കാറുണ്ടത്രേ.ശംഖുനാദവും മണിയടി ശബ്ദങ്ങളും പതിവാണ്.

മകന്‍ സനാതനന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല. തേങ്ങ ഇടാന്‍ ആളെ വീട്ടില്‍ കയറ്റുന്നതു മടിയായതിനാല്‍ തേങ്ങ ഉണങ്ങി വീഴാന്‍ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ ശീലം.കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഇടവഴിയില്‍ ഒരു കുട്ടി നടന്നു പോകുമ്പോള്‍ തേങ്ങ വീണിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. എന്നാല്‍ പതിവു പോലെ തേങ്ങ എടുക്കാന്‍ ആരും വന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാവിലെ മീന്‍ വാങ്ങാനായി നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ ഇവര്‍ മാറി നില്‍ക്കാറാണു പതിവ്. മേടിച്ച ശേഷം ബാക്കി തരാനില്ലെന്നു പറയുമ്പോള്‍ പിന്നെ മതിയെന്നു പറഞ്ഞ് ഉടന്‍ കതകടയ്ക്കുമായിരുന്നത്രേ.

വീടിനു മുന്നിലുള്ള വഴിയില്‍ ആളു കൂടി നില്‍പ്പുണ്ടെങ്കില്‍ യാത്ര കഴിഞ്ഞു വരുന്ന മകന്‍ സനാതന്‍ എല്ലാവരും മാറിയെന്നുറപ്പാക്കിയശേഷമേ വീട്ടില്‍ കയറുമായിരുന്നുള്ളൂ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെന്നാല്‍ പോലും വാതില്‍ തുറക്കില്ലെന്നു മുന്‍ കൗണ്‍സിലര്‍ ശാസ്ത്രമംഗലം ഗോപന്‍ പറഞ്ഞു. അപരിചിതര്‍ വഴി ചോദിച്ചെത്തിയാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞു വിടും. തൊട്ടു പിന്നിലെ വീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനന്‍ നായരുമായി പോലും ഇവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലത്രേ.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED