ബസ് ചാര്‍ജ് വര്‍ധിപ്പിക്കും, മിനിമം ചാര്‍ജ് എട്ട് രൂപയാക്കാന്‍ തീരുമാനം

Web Desk February 14, 2018

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനം. ഇന്നുചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം അംഗീകരിക്കും. മിനിമം ചാര്‍ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും എട്ടാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. മറ്റുചാര്‍ജുകളില്‍ 10% വര്‍ധനവുണ്ടാകും.

ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് അതിശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അവര്‍ മുന്നോട്ടുവെച്ച പ്രശ്നങ്ങളും നിലവിലെ സാഹചര്യവും പരിശോധിച്ചശേഷം ആവശ്യമായ തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് യോഗത്തിനുശേഷം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഫെബ്രുവരി 16ലേക്ക് നീട്ടിയത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടതുമുന്നണി യോഗം ചേരുകയും ഈ വിഷയം പരിശോധിക്കുകയും ചെയ്തത്.

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED