കാടിന്റെ വശ്യത അനുഭവിച്ച് ഒരു യാത്ര..!

Pavithra Janardhanan February 14, 2018

കൊച്ചി: ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന സൂപ്പർ സ്ഥലങ്ങളാണ് ഇരിങ്ങോൽ കാവും പാണിയേലി പോരും ഊഞ്ഞാമ്പാറയും. മുത്തശ്ശിക്കഥകളിലെ കാവുകളും കാടുകളും ഓര്‍മ്മപ്പെടുത്തുന്നത് ചില നവ്യാനുഭവങ്ങളാണ്. ഇരിങ്ങോല്‍ കാവിന്റെ വശ്യതയില്‍ ഒരു ദിവസം.

ചുറ്റും കാടുകളില്‍ മൂടപ്പെട്ട ഒരു കാവും അമ്പലവും ഇന്നും കേരളത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്, ഇരിങ്ങോല്‍ കാവ് എന്നാണ് ഈ കാവ് അറിയപ്പെടുന്നത്. നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നും ഇതുവരെ അവിടേക്ക് എത്തി നോക്കിയിട്ടില്ല.

എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്താണ് ഈ കാവു സ്ഥിതി ചെയ്യുന്നത്. കാടിനു നടുവിലായി ഒരു അമ്പലവുമുണ്ട്. എറണാകുളത്ത് നിന്നും 20 കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമേ ഇങ്ങോട്ടേക്കുള്ളു.

ശരിക്കും കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു അമ്പലം, കാടെന്നു പറഞ്ഞാൽ ശരിക്കും കൊടും കാട്, വൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നു കാടിനകത്തേക്കു കയറിയാൽ കാനന പാതയിൽ കൂടി ശബരി മലയിൽ പോകുന്ന ഒരു ഫീലിംഗ് അനുഭവപ്പെടും. മറ്റു അമ്പലങ്ങളിൽ കണ്ടു വരുന്നത് പോലെ മരങ്ങൾ വെട്ടിക്കളഞ്ഞു കെട്ടിടങ്ങൾ ഒന്നും തന്നെ പണിതിട്ടില്ല മരങ്ങൾ നില നിർത്തി അതിനിടയിലൂടെ പണിതിട്ടുള്ള ഷെഡ്ഡുകൾ കാണുമ്പോൾ അത് നമ്മൾക്ക് മനസ്സിലാകും.

2746 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കാവിലൂടെ നടക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കാം. എന്നാലും കണ്ടും ആസ്വദിച്ചും നടന്നാല്‍ അത് തീരില്ല.

ഇരിങ്ങോൽ കാവിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഉണ്ട് പാണിയേലി പോരിലേക്ക്. മലമുകളില്‍ നിന്നും ഒഴുകി വരുന്ന പെരിയാറാണ് പാണിയേലി പോരിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

മാലിന്യങ്ങളൊന്നുമില്ലാതെ കല്ലുകളില്‍ തട്ടിച്ചിതറി എത്തുന്ന പെരിയാറിന്റെ സുന്ദരമുഖമാണ് പാണിയേലിയില്‍ കാണാന്‍ കഴിയുക. പോരിനുള്ളിലൂടെ പുഴയിലേക്കുള്ള വഴി കാടുമൂടിയതാണ്.പാണിയേലിയില്‍ എത്തുമ്പോഴേക്കും ‘പര്‍വ്വതനിരയുടെ പനിനീര് ‘ പാറക്കൂട്ടങ്ങളില്‍ത്തട്ടി പോരടിച്ച് കലപില ശബ്ദം ഉണ്ടാക്കിവരുന്നതുകൊണ്ടാണ് പാണിയേലി പോര് എന്ന പേര് വീണതത്രേ

20 രൂപ പാസ് എടുത്തു ഏകദേശം ഒന്നര കിലോമീറ്ററോളം നടന്നുവേണം പോരിൽ എത്താൻ എങ്കിലും ഒരു നഷ്ടവുമില്ല.വിശാലമായി നിരന്നു കിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ കുതിച്ചു പാഞ്ഞു വരുന്ന നല്ല തണുത്ത തെളിഞ്ഞ വെള്ളം ആ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അഞ്ചാറു മാസത്തെ ചൂടിന്റെ ആ ഒരു വിഷമം ശരിക്കും മാറി. വേനൽ ആഘോഷിക്കാൻ ധാരാളം ആളുകൾ വന്നു കൊണ്ടിരിക്കുന്ന സ്ഥലം.

പണിയേലി പോര് പുറമേ ശാന്തമായൊഴുകുന്നുണ്ടെങ്കിലും ഈ കാണുന്ന പാറകൂട്ടങ്ങൾക്കിടയിലെ ഗർത്തങ്ങളും വിള്ളലുകളും അപകടകെണി തന്നെയാണ്.ഗാർഡുകൾ നമ്മോടൊപ്പം വരുകയും അവർ കാണിക്കുന്ന വഴികളും അവരുടെ നിർദ്ദേശങ്ങളും ഒരു പരിധി വരെ സുരക്ഷിതമാണ്.പുഴയിൽ ഇറങ്ങി കുളിക്കാൻ അവർ പറയുന്ന സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ വെള്ളത്തിൽ ഇറങ്ങാതെ ഇരിക്കുക.

കോതമംഗലത്തിന്റെ സ്വന്തം ഊഞ്ഞാപാറക്ക് ആണ് അടുത്ത സുന്ദരമായ സ്ഥലം. ഭൂതത്താന്കെട്ടു ഡാമില് നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് സംഭവം.

കോതമംഗലം – തട്ടെകാടു റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള് വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല് നാടുകാണിക്കുള്ള വഴിയെ കുറച്ചു ദൂരം ചെന്നാൽ സ്ഥലം എത്തും.നല്ല തണുത്ത ശക്തിയായ ഒഴുക്കുള്ള വെള്ളം അതും ഒരു പാടത്തിനു നടുക്ക് കമുകിൻ തോപ്പിനു ഇടയിൽ കൂടി ഇവിടുത്തെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചറിയൂ.

Tags: ,
Read more about:
EDITORS PICK
SPONSORED