വിരാട് എന്നെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വിരമിക്കുമായിരുന്നു; വിരാട് കോലിയെ വാനോളം പുകഴ്ത്തി യുവരാജ്

Manju N.S January 20, 2017

ഇംഗ്ലണ്ടിനെതിരേ ഇന്നലെ നടന്ന മത്സരം അറിയപ്പെടുന്നത് യുവരാജിന്റെ പേരില്‍ മാത്രമാണ്. യുവിയുടെ തിരിച്ചുവരവിന്റെ പേരില്‍. എന്നാല്‍ പ്രകടനത്തിന്റെ ഫുള്‍ ക്രെഡിറ്റ് യുവരാജ് കൊടുക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. വിരാട് തന്നെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നെന്നെന്നാണ് യുവരാജ് പറയുന്നത്.

സ്വന്തം ടീമും ക്യാപ്റ്റനും നമ്മളില്‍ വിശ്വാസമര്‍പ്പിക്കുമ്പോഴാണ് നമുക്ക് ആത്മവിശ്വാസം ഉണ്ടാകുന്നത്. വിരാട് എന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. ഡ്രസ്സിങ് റൂമിലുള്ളവര്‍ വിശ്വസിച്ചാലെ നമുക്ക് നന്നായി കളിക്കാന്‍ പറ്റു- യുവി പറഞ്ഞു.

മഹേന്ദ്ര സിങ് ധോനിയാണ് യുവരാജിന്റെ തിരിച്ചുവരവിനെ തടഞ്ഞതെന്ന് ആരോപണമുണ്ട്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു ശേഷമാണ് യുവി ടീമിന്റെ ഭാഗമാകുന്നത്. വിരാടിനെ വാനോളം പ്രശംസിക്കുമ്പോള്‍ അതില്‍ ധോണിക്കുള്ള മറുപടിയും യുവി കരുതുന്നുണ്ട്.

ധോണിയ്‌ക്കൊപ്പം നിന്ന് 150 റണ്‍സാണ് യുവി അടിച്ചു കൂട്ടിയത്. ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയാണ് യുവി ഇന്നലെ ക്രീസ് വിട്ടത്.ഇരുവരുടേയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 2011 ലാണ് യുവരാജ് അവസാനമായി സെഞ്ച്വറി നേടിയത്.

Read more about:
EDITORS PICK