‘കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല’; ചെ ഗുവാരയുടെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട്‌

News Desk October 9, 2017

അര്‍ജന്റീനയില്‍ ജനിച്ച മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവാര 1928 ജൂണ്‍ 14ന് ജനിച്ചു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാര്‍ഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

1948ല്‍ ചെഗുവാര ബ്യുനോസ് ഐറിസ് സര്‍വ്വകലാശാലയില്‍ വൈദ്യ ശാസ്ത്ര പഠനത്തിനായി ചേര്‍ന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ സുഹൃത്തുമായി ചേര്‍ന്ന് നടത്തിയ രണ്ട് ദക്ഷിണ അമേരിക്കന്‍ യാത്രകള്‍ അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

1956ല്‍ മെക്‌സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവാര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26ലെ മുന്നേറ്റ സേനയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1956 ല്‍ ഏകാധിപതിയായ ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രന്‍മ എന്ന പായ്ക്കപ്പലില്‍ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവാര 1965ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു.

ബൊളീവിയയില്‍ വെച്ച് സിഐഐയുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തില്‍ പിടിയിലായ ചെഗുവാരയെ 1967 ഒക്ടോബര്‍ 9നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.

Read more about:
RELATED POSTS
EDITORS PICK