സ്പെയിൻ ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ; ബ്രസീലിന്റെ ജയവും നിര്‍ണായകം

Ragind AP October 14, 2017

കൊച്ചി: ഉത്തര കൊറിയയെ നേരിടാന്‍ കൊച്ചിയുടെ മണ്ണിൽ ഇറങ്ങുമ്പോൾ സ്പെയിനിന്റെ നോട്ടം വടക്കോട്ടാണ്, അങ്ങു ഗോവയിലേക്ക്. അവിടെ ഗ്രൂപ്പ് ഡി മാച്ചിൽ നൈജർ ബ്രസീലിനെ അട്ടിമറിച്ചാൽ അതു സ്പെയിനിന്റെ അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ സാധ്യതകളെ ബാധിക്കും. ബ്രസീൽ ജയിക്കണേ എന്നാവും സ്പെയിനിന്റെ പ്രാർഥന. ബ്രസീൽ ജയിച്ചാൽ സ്പെയിനിന് ഇന്നൊരു സമനില മതിയാകും. പക്ഷേ രണ്ടു മൽസരങ്ങളും ഒരേസമയത്താണ്. അവിടത്തെ ഫലമറിഞ്ഞ് ഇവിടെ പൊരുതാനാവില്ല.

ആദ്യ രണ്ടു മൽസരങ്ങളിലും തോൽവി വഴങ്ങിയ ഉത്തര കൊറിയയ്ക്ക് ഇന്നു വിജയം അത്യാവശ്യം. കാരണം മറ്റൊന്നുമല്ല ജയിച്ചാൽ ആശ്വാസത്തോടെ മടങ്ങാം, സമ്പൂർണ തോൽവി ഒഴിവായല്ലോ. കഴിഞ്ഞ മൽസരത്തിൽ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ അവർ പുറത്തെടുത്ത പ്രതിരോധ മികവ് ആരാധകർ മറന്നിട്ടില്ല. സ്പെയിനും അതു കണ്ടിട്ടുണ്ടാകുമെന്നുറപ്പ്.

കൊച്ചി സ്റ്റേഡിയത്തിൽ ഗോൾമഴ പ്രതീക്ഷിച്ചെത്തിയ ആരാധകരെ അമ്പരപ്പിച്ച പ്രകടനമായിരുന്നു ഉത്തര കൊറിയയുടേത്. ബ്രസീലിന്റെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് അതിലേറെ സംഘടിതമായി കിമ്മിന്റെ നാട്ടുകാർ മികച്ച പ്രതിരോധം പുറത്തെടുത്തപ്പോൾ കൊച്ചിയിലെ ആരാധകർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അഞ്ചു മിനിറ്റിനിടെ വഴങ്ങിയ രണ്ടു ഗോളുകൾ അവരെ തോൽവിയിലേക്കു തള്ളിവിട്ടെങ്കിലും പ്രതിരോധമികവ് കാണാതെ പോകരുത്!

ആദ്യ മൽസരത്തിൽ കരുത്തരായ ബ്രസീലിനോടു തോറ്റെങ്കിലും നൈജറിനെ 4–0നു മുക്കിയതോടെ സ്പെയിൻ ഫോമിലായിക്കഴിഞ്ഞു. അവരുടെ നായകനും ബാർസിലോന ബി ടീം താരവുമായ ആബേൽ റൂയിസ് ഇരട്ടഗോളുകളുമായി വരവറിയിച്ചിട്ടുണ്ട്. മറ്റു കളിക്കാരും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബ്രസീലിനെതിരെ ചെയ്തതുപോലെ കടുത്ത പ്രതിരോധതന്ത്രം കൊറിയക്കാർ മെനഞ്ഞാൽ അതിനു പ്രതിവിധിയും കരുതിയിട്ടുണ്ടാകണം സ്പെയിൻ. വിജയത്തിനുവേണ്ടി കളിക്കുക എന്നതുതന്നെയാണ് അവരുടെ മുദ്രാവാക്യം. എല്ലാം കൊണ്ടും വാശിയേറിയ ഒരു മൽസരം കാണാമെന്ന പ്രതീക്ഷയിലാണു കൊച്ചിയിലെ കാണികൾ.

Read more about:
EDITORS PICK
SPONSORED