തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമാവും ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം

News Desk October 25, 2017

കൊല്‍ക്കത്ത: തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമാവും അണ്ടര്‍ 17 വേള്‍ഡ് കപ്പ് വേദിയില്‍ ഇനി അരങ്ങേറുക. ബ്രസീല്‍-ഇംഗ്ലണ്ട് മഝരം. കുറിയ വണ്‍ ടച്ച് പാസുകളിലൂടെ ഗോള്‍മുഖത്തേക്ക് ആഞ്ഞടിച്ചെത്തുന്ന ആക്രമണനിരയാണ് ഇരുവരുടെയും ശക്തി.  ഭദ്രമായ പ്രതിരോധത്തിന്റെ ബലവും ലാറ്റിന്‍-യൂറോപ്യന്‍ പ്രതിനിധികള്‍ക്കുണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തിലും ഒപ്പത്തിനൊപ്പം. അതിഗംഭീര ക്വാര്‍ട്ടര്‍പോരില്‍ മാസ്മരിക പ്രകടനത്തിലൂടെ ജര്‍മനിയെ വീഴ്ത്തിയാണ് ബ്രസീലിന്റെ വരവ്. അമേരിക്കയെ നിരായുധരാക്കിയ പ്രകടനത്തിലൂടെ വന്‍ വിജയവുമായാണ് ഇംഗ്ളീഷുകാര്‍ സെമിക്ക് യോഗ്യത നേടിയത്. എന്നാല്‍, കളിക്കാരുടെ വ്യക്തിഗത മികവില്‍ ബ്രസീലിന് മുന്‍തൂക്കം അവകാശപ്പെടാം. ഗുവാഹത്തിയിലെ കനത്ത മഴയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേക്കു മാറ്റിയ മത്സരത്തിലെ വിജയികള്‍ക്ക് മൂന്നുനാള്‍ കഴിഞ്ഞ് ഇതേ വേദിയില്‍ ഫൈനല്‍ കളിക്കാം.

മൂന്നുതവണ അണ്ടര്‍ 17 ലോകകപ്പ് നേടിയ ബ്രസീല്‍ കിടയറ്റ ആക്രമണ ഫുട്ബോളാണ് കാഴ്ചവയ്ക്കുന്നത്. ജര്‍മനിയുടെ കടുത്ത പ്രതിരോധതന്ത്രം അതിജീവിച്ചത് പ്രതിഭാസമ്പന്നമായ മുന്നേറ്റനിരയുടെ ലാറ്റിന്‍ മാന്ത്രികതയിലാണ്. ഇംഗ്ളണ്ട് ഭയപ്പെടുന്നതും അതുതന്നെ. അവസാനനിമിഷംവരെ ഊര്‍ജസ്വലതയോടെ പന്തുതട്ടുന്ന പൌളീന്യോ-ബ്രെന്നര്‍-ലിങ്കണ്‍ മുന്നേറ്റസഖ്യമാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ ബ്രസീല്‍ നേടിയ 11 ഗോളില്‍ ഒമ്പതും ഈ ത്രിമൂര്‍ത്തികളുടെ പേരിലാണ്. മൂന്നു ഗോള്‍വീതം ഇവര്‍ പങ്കുവയ്ക്കുന്നു. ലിങ്കണും പൌളീന്യോയും അവസരങ്ങള്‍ ഒരുക്കാനും മിടുക്കര്‍.

മധ്യനിരയില്‍ അലന്‍ ഡി സോസ എതിരാളിയുടെ നെഞ്ചുകീറുന്ന പാസുകളിലൂടെ മുന്‍നിരയ്ക്ക് പന്തെത്തിക്കും. ഒപ്പം മാര്‍കോസ് അന്റോണിയോയും ഉണ്ട്. നായകന്‍ വിറ്റാവോയുടെ നേതൃത്വത്തിലുള്ള പ്രതിരോധം അഞ്ചു കളിയില്‍ രണ്ടു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ബാറിനുകീഴില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ രക്ഷപ്പെടുത്തലുകള്‍ നടത്തിയ ഗബ്രിയല്‍ ബ്രസാവോയുടെ കൈകളുണ്ട്. ഇതുവരെ ഒറ്റ മഞ്ഞക്കാര്‍ഡ് മാത്രം കണ്ട ടീം കളി മാന്യതയിലും ഒന്നാമതാണ്. കൊല്‍ക്കത്തിലെ ആര്‍ത്തുവിളിക്കുന്ന കാണികളുടെ പിന്തുണ ബ്രസീലിന് ആവേശംപകരും.

ആദ്യമായി അണ്ടര്‍ 17 ലോകകപ്പ് സെമി കളിക്കുന്ന ഇംഗ്ലണ്ട് മിടുക്കില്‍ ലാറ്റിനമേരിക്കന്‍ എതിരാളിക്ക് ഒട്ടും പിന്നിലല്ല. ഇംഗ്ളീഷ് ഫുട്ബോളിന് നല്ലകാലം വരുന്നുവെന്നു സൂചിപ്പിക്കുന്ന പ്രകടനമാണ് ഈ കൗമാരക്കാരുടേത്. ആക്രമണാത്മക ഫുട്ബോളാണ് പരിശീലകന്‍ സ്റ്റീവ് കൂപ്പര്‍ കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത്. സെമിയിലെത്തിയവരില്‍ ഗോളടിയില്‍ ഒന്നാമതാണ് ഇംഗ്ളണ്ട് (15 ഗോള്‍). സാഞ്ചോയുടെ അഭാവം ടീം മറികടന്നുവെന്ന് ക്വാര്‍ട്ടര്‍പ്രകടനം തെളിയിച്ചു. അമേരിക്കക്കെതിരെ ഹാട്രിക് നേടിയ റിയാന്‍ ബ്രൂസ്റ്ററും ഇടതുപാര്‍ശ്വത്തില്‍ ഹഡ്സണ്‍ ഒഡോയിയും ഒരുപോലെ അപകടകാരികള്‍. നായകസ്ഥാനം വഹിക്കുന്ന ഏഞ്ചലോ ഗോമസാണ് മധ്യനിരയില്‍ കളിമെനയുക. ഡാനിയല്‍ ലോഡറും എമില്‍ സ്മിത്തും ഗോമസിന് കൂട്ടുണ്ടാകും. മൂന്നു ഗോള്‍ മാത്രമാണ് ഇതുവരെ ഇംഗ്ലണ്ട് വഴങ്ങിയത്.

Read more about:
EDITORS PICK
SPONSORED