ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇംഗ്ലണ്ടിന്

Pavithra Janardhanan October 29, 2017

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇംഗ്ലണ്ടിന്. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് ലോക കീരീടം ചൂടിയത്. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.

ആദ്യ പകുതിയില്‍ സ്പെയിനിന്റെ സെര്‍ജിയോ ഗോമസിന്റെ ഇരട്ട ഗോളിലൂടെ സ്പെയിന്‍ മുന്‍തൂക്കം നേടിയെങ്കിലും ആദ്യ പകുതി അവസാനിക്കും മുന്‍പ് ലോകകപ്പിലെ ഹീറോ ആയ റിയാന്‍ ബ്ര്വിസ്റ്റര്‍ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ട് പ്രതീക്ഷകള്‍ക്ക് ചിറകേകി. 44, 58, 69, 84, 88 മിനിറ്റുകളില്‍ ഇംഗ്ലണ്ട് സ്പെയിനു മുന്നില്‍ ഗോള്‍ മഴ പെയ്യിച്ചതോടെ ഇന്ത്യയിലാദ്യമായി നടന്ന ലോകകപ്പിലെ കിരീടം ഇംഗ്ലണ്ടിന് സ്വന്തമായി. ഫില്‍ ഫോഡെന്റെ ഇരട്ട ഗോളുകള്‍ പിറന്ന മത്സരത്തില്‍ മാര്‍ക്ക് ഗുവേയും ഗിബ്സ് വൈറ്റും റിയാന്‍ ബ്ര്വിസ്റ്ററും ഓരോ ഗോളുകള്‍ നേടി സ്പെയിനെ ചുരുട്ടിക്കെട്ടി. 69, 88 മിനിറ്റുകളില്‍ ഫില്‍ ഫോഡനും റിയാന്‍ ബ്ര്വിസ്റ്റര്‍ 44ാം മിനിറ്റിലും ഗിബ്സ് വൈറ്റ് 58ാം മിനിറ്റിലും മാര്‍ക്ക് ഗുവേ 84ാം മിനിറ്റിലും ഗോള്‍ നേടി.

ടൂര്‍ണമെന്റില്‍ രണ്ട് ഹാട്രിക് അടക്കം ആകെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റിയാന്‍ ബ്ര്വിസ്റ്ററാണ് ടോപ് സ്കോറര്‍. ബ്ര്വിസ്റ്റര്‍ ഗോള്‍ഡന്‍ ബൂട്ടിനും ഇംഗ്ലണ്ടിന്റെ തന്നെ ഫില്‍ ഫോഡന്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഈ കിരീട നേട്ടത്തോടെ യൂറോ അണ്ടര്‍ 17ലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി മാറി. ഇംഗ്ലണ്ടിന്റെ കന്നിക്കീരീട നേട്ടമാണിത്.

Read more about:
EDITORS PICK
SPONSORED