സെക്രട്ടറിയേറ്റ് /പിഎസ്.സി അസിസ്റ്റന്റ് പുതിയ വിജ്ഞാപനം ഉടന്‍

Sumathi December 5, 2017

തിരുവനന്തപുരം:സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെ 19 തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയില്‍ റാങ്ക്പട്ടിക നിലവിലുണ്ട്. അതിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2019 ഏപ്രില്‍ ഏഴിനുശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.

പരിഷ്‌കരിക്കുന്ന പരീക്ഷാ രീതിയനുസരിച്ചായിരിക്കും ഈ തസ്തികയുടെ തിരഞ്ഞെടുപ്പ്. രണ്ടുഘട്ടമുള്ള പരീക്ഷയില്‍ വിവരണാത്മക പരീക്ഷയുമുണ്ടാകാനാണ് സാധ്യത. അതിനാലാണ് വിജ്ഞാപനം മുന്‍കൂട്ടി പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കിയത്. ബിരുദം യോഗ്യതയുള്ള നിലവിലെ ചട്ടം അനുസരിച്ചായിരിക്കും വിജ്ഞാപനം തയ്യാറാക്കുന്നത്.

ഡി.സി.എ.യും ബിരുദത്തിന് മാര്‍ക്ക് നിബന്ധനയും യോഗ്യതയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരിഷ്‌കരിച്ചെങ്കിലും ചട്ടം ഭേദഗതി ചെയ്തിട്ടില്ല. ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, നിയമസഭാ സെക്രട്ടേറിയറ്റില്‍ റീഡര്‍ തുടങ്ങിയവയാണ് വിജ്ഞാപനം ചെയ്യുന്ന മറ്റ് പ്രധാന തസ്തികകള്‍.

ജയില്‍വകുപ്പില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് യൂണിറ്റ് കണക്കാക്കിയുള്ള വിജ്ഞാപനം സംസ്ഥാനാടിസ്ഥാനത്തിലാക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. തസ്തികയുടെ പേര് ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്ന് മാറ്റിയിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റുഡിയോ അറ്റന്‍ഡര്‍ തസ്തികയുടെ യോഗ്യതയിലെ പ്രവൃത്തിപരിചയം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും. മെഡിക്കല്‍ കോളേജ് കാത്ത് ലാബ് ടെക്നീഷ്യന്റെ യോഗ്യതാഭേദഗതി യോഗം അംഗീകരിച്ചു. എന്നാല്‍, നിലവിലെ വിജ്ഞാപനത്തിന്റെ തുടര്‍നടപടികള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെയ്ക്കും.

‘ട്രിഡ’യിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) ഒഴിവ്, പൊതുമരാമത്ത്/ജലസേചന വകുപ്പിലെ റാങ്ക്പട്ടികയില്‍നിന്ന് നികത്താന്‍ തീരുമാനിച്ചു. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ക്ക് പ്രായോഗിക പരീക്ഷയും സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് ലക്ചറര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തും.

Read more about:
EDITORS PICK
SPONSORED