ടാസ്മാനിയന്‍ ചെന്നായ്ക്കളുടെത് ആരോഗ്യമില്ലാത്ത ജനിതകമായിരുന്നെന്ന് പുതിയ കണ്ടെത്തല്‍

News Desk December 12, 2017

ടാസ്മാനിയന്‍ കടുവകളെ കുറിച്ച് നടത്തിയ പഠനത്തില്‍ ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഇവ താരതമ്യേന ആരോഗ്യവാന്‍മാര്‍ ആയിരുന്നില്ലെന്ന നിഗമനത്തിലാണ്‌ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിലൂടെ കണ്ടെത്തിയിരിക്കുന്നത്. ടാസ്മാനിയന്‍ ചെന്നായ്ക്കളുടെത് ആരോഗ്യമില്ലാത്ത ജനിതകമായിരുന്നെന്ന് പുതിയ കണ്ടെത്തല്‍. ഏറ്റവും വലിപ്പം കൂടിയ സഞ്ചിമൃഗമായിരുന്നു ടാസ്മേനിയൻ ചെന്നായ്ക്കൾ. ടാസ്മേനിയയിൽ മാത്രമേ ഇവ കാണപ്പെട്ടിരുന്നുള്ളു. തൈലസിനിഡേ കുടുംബത്തിൽപ്പെടുന്ന ഇവതൈലസിനസ് സൈനോസെഫാലസ്, തൈലസീൻ, ടാസ്മേനിയൻ ടൈഗർ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

ആസ്ട്രേലിയയിലെ നല്ലാർബോർ സമതലപ്രദേശങ്ങളിലെ ഗുഹകളിൽനിന്നും ടാസ്മേനിയൻ ചെന്നായുടെ 3300 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്‌. അക്കാലത്ത് ഇവിടങ്ങളിൽ ഇത്തരം ചെന്നായ്ക്കൾ ധാരാളമായി ജീവിച്ചിരുന്നുവെന്നതിനു തെളിവാണിത്. ന്യൂഗിനിയയിൽ നിന്നും തൈലസീനുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ടാസ്മേനിയായിൽ ധാരാളമായുണ്ടായിരുന്ന ഇത്തരം ചെന്നായ്ക്കളെ 1914-നു ശേഷം അപൂർവമായേ കാണാൻ കഴിഞ്ഞിരുന്നുള്ളു. കൂട്ടിലടച്ച് വളർത്തിയിരുന്ന ഏക അവസാന ചെന്നായ് 1936-ൽ ചത്തതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു.

ടാസ്മേനിയൻ ചെന്നായ്ക്കൾ;

ടാസ്മേനിയൻ ചെന്നായ്ക്കൾക്ക് നായകളോടു രൂപസാദൃശ്യമുണ്ട്. നായയുടേതുപോലുള്ള തലയും കുറിയ കഴുത്തുമാണിവയ്ക്കുള്ളത്. തോൾവരെ 60 സെ. മീ. ഉയരം വരും. ശരീരത്തിന് 1.5 മീ. നീളമുണ്ടായിരിക്കും. വാലിന് 50 സെ.മീ. നീളമേയുള്ളു. പെട്ടെന്നു വളയാത്തതും ദൃഢതയുള്ളതുമായ വാൽ ഈ ജീവിയുടെ പ്രത്യേകതയാണ്. 15-35 കി. ഗ്രാം ശരീരഭാരമുണ്ടായിരുന്ന ഇവയുടെ മഞ്ഞ കലർന്ന തവിട്ടുനിറത്തോടുകൂടിയ ശരീരത്തിൽ കടുംതവിട്ടു നിറത്തിലുള്ള 16-18 വരകളുണ്ട്. പുറത്തും, പുഷ്ഠഭാഗത്തും, വാലിലുമാണ് വരകൾ കാണപ്പെട്ടിരുന്നത്. കാലുകൾക്ക് നീളം കുറവാണ്. കങ്കാരുവിനെപ്പോലെ ഇവയ്ക്കും പിൻകാലുകളും വാലും ഉപയോഗിച്ച് തറയിൽ നേരെ ഇരിക്കാൻ കഴിയും. ഈ അവസരത്തിൽ ഇവയുടെ വാൽ ഒരു സന്തുലനോപാധിയായി ഉപയോഗപ്പെടുത്തുന്നു. 2-3 മീ. ദൂരത്തിൽ വളരെ വേഗത്തിൽ ചാടാനും ഇവയ്ക്കു കഴിയുമായിരുന്നു.

പകൽ മുഴുവൻ വനത്തിലോ കുന്നിൻചരിവുകളിലോ വിശ്രമിക്കുന്ന ജീവി രാത്രിയിൽ ഒറ്റയായോ ജോടികളായോ ഇര തേടുന്നു. ഇരയെ പിൻതുടർന്ന് വേട്ടയാടുന്നതിനേക്കാൾ ഒളിച്ചിരുന്നു പിടിക്കുകയാണ് ഈ മാംസഭോജിയുടെ പതിവ്.

ഒരു പ്രസവത്തിൽ മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ നാലു മാസക്കാലത്തോളം പെൺമൃഗത്തിന്റെ സഞ്ചിയിൽ സൂക്ഷിക്കുന്നു.

പകർച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകൾ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല.

സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയൻ ചെന്നായയുടെ ഡി എൻ എ യുടെ ആവർത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നല്ല പങ്ക് ജീവശാസ്ത്രകാരന്മാരും അസാധ്യമെന്നാണ് കരുതുന്നതെങ്കിലും മ്യൂസിയം ഭാരവാഹികൾ ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. അതിനിടിയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED