ഇര തേടുമ്പോള്‍ കെണി ഒരുക്കുന്ന ക്രൂരത! ആസമില്‍ 100 ദിവസത്തിനിടെ കൊന്നൊടുക്കിയത് 40 കാട്ടാനകളെ

News Desk December 15, 2017

ഗുവാഹതി: ആസമിന്റെ ഔദ്യോഗിക മൃഗമാണ് കാണ്ടാമൃഗം. കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാകാറുണ്ട്. എന്നാല്‍ കാട്ടാനകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാരോ പൊതുജനങ്ങളോ കാര്യമായി പ്രതികരിക്കാറില്ല.

കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ചരിഞ്ഞത് 40 കാട്ടാനകളെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ തട്ടിയുള്ള അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ തുടങ്ങിയ കാരണങ്ങളാലാണ് ആനകള്‍ ഇവുടെ കൂടുതലായി കൊല്ലപ്പെടുന്നത്.

കാടിറങ്ങി നാട്ടിലേക്കെത്തുന്ന ആനകളെ നേരിടുന്നതിന് വേണ്ടി മനുഷ്യന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആനകള്‍ കൊല്ലപ്പെടാന്‍ ഇടയാകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ ആര്യനായക് അറിയിച്ചു.

ആനകളെ ഓടിക്കുന്നതിനായി അനധികൃതമായി വൈദ്യുതികമ്പികള്‍ സ്ഥാപിക്കുന്നതും, വാരിക്കുഴികള്‍ ഒരുക്കുന്നതുമായാ ക്രൂരതകളാണ് ആനകളുടെ ജിവനു തന്നെ ഭീഷണിയാകുന്നത്. ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനോ ആനകള്‍ നാട്ടിലിറങ്ങാതിരിക്കാനൊ വേണ്ട മുന്‍കരുതലുകള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവാറില്ല.

വലിയ തോതിലുള്ള വനനശീകരണം മൂലം ആനകളുടെ ആവാസവ്യസ്ഥയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആനകള്‍ വലിയ തോതില്‍ കൊല്ലപ്പെടുക കൂടി ചെയ്യുന്നത് ആനകളുടെ വംശത്തിനു തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയോദ്യാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു പോലെ ആന സംരക്ഷണ കേന്ദ്രങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതിന്റെ തെളിവാണ് ആനകള്‍ കൂട്ടത്തോടെ ചരിയുന്നതില്‍ നിന്ന് മനസിലാക്കാനാവുന്നതെന്ന് ആര്യനായക് അധികൃതര്‍ പറയുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED