ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! മെസ്സിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഹാരി കെയ്ന്‍

News Desk December 27, 2017

ലണ്ടന്‍: ഫുട്‌ബോള്‍ രാജാക്കന്മാരായി വാഴുന്ന ലയണല്‍ മെസിക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ഹാരി കെയ്ന്‍ സ്വന്തം പേരിലാക്കി.

2017-ല്‍ ടോട്ടന്‍ഹാമിനായി 55 ഗോളുകള്‍ നേടിയ താരം 54 ഗോളുകള്‍ നേടിയ ഇതിഹാസ താരം ലയണല്‍ മെസിയെ മറികടന്നു. 53 ഗോളുകള്‍ വീതം നേടിയ റൊണാള്‍ഡോ, ലെവന്റോവ്‌സ്‌കി, കവാനി എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഹാരി കെയ്ന്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. സത്താംപ്ടണെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയാണ് ടോട്ടന്‍ഹാമിന്റെ താരമായ കെയ്ന്‍ റെക്കോഡ് നേട്ടം ആഘോഷിച്ചത്.

ഇതിനിടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്ന താരമെന്ന അലന്‍ ഷിയററുടെ റെക്കോര്‍ഡും താരം മറികടന്നു. ഇതു വരെ 38 ഗോളുകള്‍ നേടിയ താരം അലന്‍ ഷിയന്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്സിനു വേണ്ടി നേടിയ 36 ഗോളുകളുടെ റെക്കോര്‍ഡാണ് പിന്നിലാക്കിയത്. പ്രീമിയര്‍ ലീഗില്‍ പതിനേഴു ഗോളുകളോടെ നിലവിലെ ടോപ് സ്‌കോററാണ് ഹാരി കേയ്ന്‍.

Read more about:
EDITORS PICK
SPONSORED