പനിനീർപ്പൂവ് കൃഷി..

Pavithra Janardhanan December 27, 2017

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്.

ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്.

പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു.

പലയിനം പനിനീർച്ചെടികളിലും കായ് ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്.

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും. കൂടാതെ നീർ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെ ചെടികൾ നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌

ഒക്ടോബർ – ഡിസംബർ മാസങ്ങളിൽ കൊമ്പുകോതൽ നടത്തിയാൽ കൂടുതൽ പൂക്കൾ ലഭിക്കും. ഉണങ്ങിയതും രോഗങ്ങൾ ബാധിച്ചതും ശക്തികുറഞ്ഞതുമായ തണ്ടുകൾ മുറിച്ചുമാറ്റേണ്ടതാണ്‌.

നിലത്തുനിന്നും 25 സെന്റീ മീറ്റർ മുകളിൽ വച്ച് മുറിക്കുക. മുറിക്കുമ്പോൾ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്റീ മുതൽ 1.5 സെന്റീമീറ്റർ വരെ മുകളിലായി ചരിച്ചാണ്‌ മുറിക്കേണ്ടത്.

ചെറിയ ചട്ടികളിലോ പോളിത്തീൻ കവറിലോ നട്ട് കിളിർപ്പിച്ച തൈകളാണ്‌ ഇങ്ങനെ നടുന്നതിന്‌ അനുയോജ്യം. 60 സെന്റീമീറ്റർ മുതൽ 80 സെന്റീമീറ്റർ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചെടികൾ നടാവുന്നതാണ്‌.

കുഴികളിൽ മേൽമണ്ണും 4കിലോ മുതൽ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേർത്ത് കൂട്ടിയോജിപ്പിച്ച് കുഴികൾ നിറയ്ക്കുക.

തൈകൾ വേരുകൾ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളിൽ നടുക. ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ്‌ നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.

35 സെന്റീ മീറ്റർ ഉയരവും 30 സെന്റീ മീറ്റർ വ്യാസവുമുള്ള ചട്ടികളാണ്‌ ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. അധിക ജലം പുറത്തുകളയുന്നതിലേക്കായി ചട്ടികളിൽ രണ്ടോ മൂന്നോ ദ്വാരങ്ങൾ അത്യാവശ്യമാണ്‌.

മൂന്നുഭാഗം വളക്കൂറുള്ള മേൽമണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേർത്താണ്‌ ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്.

ഈ മിശ്രിതത്തിൽ ചെടികൾ നടാം. നട്ടുകഴിഞ്ഞാൽ നനയ്ക്കേണ്ടത് അത്യാവശ്യമാണ്‌. ചട്ടിയിൽ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോൾ മാറ്റുന്നത് ചെടിയുടെ വളർച്ചക്കും വേരോട്ടത്തിനും നല്ലതാണ്‌.

കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ്‌ ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോ നൽകേണ്ടതാണ്‌.

ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോൾ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികൾക്ക് നൽകേണ്ടതാണ്‌. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതൽ‍ 7 ദിവസം വരെ 5ലിറ്റർ പച്ചവെള്ളത്തിൽ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്‌. ഇത്തരം വളപ്രയോഗങ്ങൾ കഴിഞ്ഞാൽ ചെടികൾ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്‌

Read more about:
RELATED POSTS
EDITORS PICK
SPONSORED