സ്ത്രീകളിലെ വന്ധ്യത: നിസ്സാരമായി കാണരുതേ ഈ ലക്ഷണങ്ങൾ

Pavithra Janardhanan January 3, 2018

മാതൃത്വം പോലെ സ്ത്രീത്വത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഒരനുഭവം വേറെയില്ല എന്നുപറയാം. നിര്‍ഭാഗ്യവശാല്‍ വന്ധ്യതയുള്ള സ്ത്രീകളുടെ എണ്ണം വര്‍ഷം തോറും ഉയരുകയാണ്.

പ്രായം, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഗര്‍ഭാശയ^അണ്ഡാശയ വൈകല്യങ്ങള്‍, തെറ്റായ ജീവിതശൈലി, മാനസിക സമ്മര്‍ദം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍ ഇവ സ്ത്രീ വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഒരു ഗര്‍ഭനിരോധ മാര്‍ഗങ്ങളും ഉപയോഗിക്കാതെ ഒരുവര്‍ഷമെങ്കിലും സാധാരണ ലൈംഗിക ജീവിതം ഉണ്ടായിട്ടും ഗര്‍ഭവതി ആയില്ളെങ്കില്‍ വന്ധ്യതയുണ്ടെന്ന് സംശയിക്കാം.

സ്ത്രീ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രായം ഏറെ നിര്‍ണായകമാണ്. 22 25 വയസ്സാണ് ആദ്യമായി ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം. പ്രായം കൂടുന്നതിനനുസരിച്ച് ഗര്‍ഭാശയത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, ഹോര്‍മോണിന്‍െറ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ കടന്നുവരവ് ഇവ വന്ധ്യതക്ക് വഴിയൊരുക്കും.

കൂടാതെ പലതരത്തിലുള്ള ജോലിത്തിരക്കുകള്‍, മാനസിക സമ്മര്‍ദം, താല്‍പര്യക്കുറവ്, ദമ്പതികള്‍ രണ്ടിടങ്ങളിലായി കഴിയുന്ന അവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ ലൈംഗിക ജീവിതം താറുമാറാകുന്നതും വന്ധ്യതക്കിടയാക്കും. ആര്‍ത്തവ ചക്രത്തിനനുസരിച്ച് അണ്ഡവിസര്‍ജനവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ഗര്‍ഭാശയത്തിന്‍െറ ആന്തരികാവരണമായ എന്‍ഡോമെട്രിയം ഗര്‍ഭാശയത്തിന് പുറത്തുകാണുന്ന രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. 25 ശതമാനം വന്ധ്യതക്കും എന്‍ഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്.

‘വാതകി’ എന്നാണ് ആയുര്‍വേദത്തില്‍ ഇതറിയപ്പെടുക. സാധാരണഗതിയില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയവും പൊഴിഞ്ഞ് പുറത്തുപോകും. എന്നാല്‍, ചിലരില്‍ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍, കുഴലുകള്‍

തുടങ്ങിയ ഭാഗങ്ങളില്‍ ഗര്‍ഭാശയാന്തരകല പറ്റിപ്പിടിച്ചിരുന്ന് വളരാന്‍ തുടങ്ങും. എല്ലാമാസവും ആര്‍ത്തവകാലങ്ങളില്‍ ഇവയില്‍ രക്തം ശേഖരിക്കപ്പെടുകയും മുഴയാവുകയും ചെയ്യുന്നത് വന്ധ്യതക്കിടയാക്കും. ഗര്‍ഭാശയത്തിനുള്ളിലെന്നപോലെ പുറത്തും ഇവരില്‍ ആര്‍ത്തവകാലത്ത് രക്തസ്രാവമുണ്ടാകും.

ഗര്‍ഭാശയത്തിലുള്ള അണ്ഡത്തിന്‍െറയും ബീജത്തിന്‍െറയും യാത്രക്ക് തടസ്സമുണ്ടാക്കുക, അണ്ഡാശയം,അണ്ഡവാഹിനിക്കുഴലുകള്‍ ഇവ ഒട്ടിപ്പിടിക്കാന്‍ ഇടയാക്കും, അണ്ഡോല്‍പാദനത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ സങ്കീര്‍ണതകള്‍ക്കിടയാക്കിയാണ് എന്‍ഡോമെട്രിയോസിസ് വന്ധ്യതക്കിടയാക്കുന്നത്.

സ്ത്രീകളില്‍ വന്ധ്യതക്കിടയാക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പിസിഒഎസ് . ‘പുഷ്പഘ്നി’ എന്നാണ് ആയുര്‍വേദത്തില്‍ ഈ രോഗം അറിയപ്പെടുക. ആര്‍ത്തവത്തില്‍ വന്‍ വ്യതിയാനം വരുത്തുന്ന പിസിഒഎസ് അണ്ഡവിസര്‍ജനത്തിന്‍െറ താളം തെറ്റിച്ചാണ് വന്ധ്യതക്കിടയാക്കുന്നത്.

സ്ത്രീകളിലെ വന്ധ്യതക്കിടയാക്കുന്ന മറ്റൊരു പ്രധാന കാരണം ഗര്‍ഭാശയ മുഴകളാണ്. ഗര്‍ഭാശയത്തില്‍ ബീജത്തിന്‍െറ ചലനം, ഭ്രൂണത്തിന്‍െറ ചലനം, ഭ്രൂണം പറ്റിപ്പിടിച്ച് വളരാനുള്ള സാധ്യത തുടങ്ങിയവയെ തടസ്സപ്പെടുത്തിയാണ് ഗര്‍ഭാശയ മുഴകള്‍ വന്ധ്യതക്കിടയാക്കുന്നത്.ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ശക്തമായ വേദന, അമിത രക്തസ്രാവം ഇവ നിസ്സാരമായി കാണരുത്.

 

Tags:
Read more about:
EDITORS PICK
SPONSORED