ജാതിക്ക കൃഷി ചെയ്യാം

Pavithra Janardhanan January 4, 2018

കൊച്ചി: സുഗന്ധവിളകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ജാതി. ഒരു മരത്തില്‍നിന്നുതന്നെ കുരു, പത്രി എന്നീ രണ്ട് വിളവുകള്‍ കിട്ടുന്നുവെന്നതും പരിചരണം കുറച്ചുമതിയെങ്കിലും സമൃദ്ധമായി കായ്ഫലം ലഭിക്കുമെന്നതും ജാതിയെ വേറിട്ട കൃഷിയാക്കുന്നു. ഔഷധമൂല്യം നിറഞ്ഞ ജാതിക്കുരുവിനും പത്രിക്കും ഇപ്പോള്‍ കര്‍ഷകന് മികച്ച വില ലഭിക്കുന്നുണ്ട്.മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ്’ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന ജാതി ഉഷ്ണമേഖലാസസ്യമാണ്. കേരളത്തിലെ കാലാവസ്ഥ ജാതി കൃഷിക്ക് തികച്ചും അനുയോജ്യമാണ്.

‘മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ്’ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന ജാതി ഉഷ്ണമേഖലാസസ്യമാണ്. കേരളത്തിലെ  കാലാവസ്ഥ ജാതി കൃഷിക്ക് തികച്ചും അനുയോജ്യമാണ്. എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യമെങ്കിലും ജൈവവളങ്ങളും ജലസേചനവും നല്‍കിയാല്‍ എവിടെയും കൃഷിചെയ്യാം. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ പ്രത്യേകമായി കാണുന്നു. പെണ്‍മരം മാത്രമേ ഫലം തരികയുള്ളൂ.

ജാതി വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം.  നല്ല വിളവുലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍നിന്ന് ബഡ് തൈകള്‍ തയ്യാറാക്കാം. കൂടകളില്‍ കിളിര്‍പ്പിച്ചെടുക്കുന്ന നാടന്‍ ജാതി തൈകളില്‍ ബഡ് ചെയ്‌തെടുക്കുകയാണ് പതിവ്. ഒരു വര്‍ഷത്തോളം പ്രായമായ ബഡ്  ജാതിത്തൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം.

നാല് തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും നടാം. റബ്ബര്‍ വിലയിടിവിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ റബ്ബര്‍  തോട്ടങ്ങളിലും കൃഷി ആരംഭിച്ചുകഴിഞ്ഞു. ജൈവവളങ്ങള്‍ ചേര്‍ത്താണ് തൈകള്‍ നടേണ്ടത്. മഴ ലഭ്യതയും ജലസേചനവും ഉറപ്പാക്കി ജാതി തൈകള്‍ കൃഷിചെയ്യാം.

ജാതികളില്‍ കാണുന്ന കുമിള്‍ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കുമിള്‍നാശിനികള്‍ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ബഡ് തൈകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.

ഒരു ജാതിക്കായ വിളയാന്‍ ഒമ്പത് മാസമെടുക്കുമെങ്കിലും വര്‍ഷത്തില്‍ പലതവണ കായ്ക്കുന്നതിനാല്‍ എല്ലാകാലത്തും ഇവയില്‍നിന്ന് വിളവ് ലഭിക്കും. വിളഞ്ഞ് പൊട്ടിവീഴുന്ന ജാതിക്കുരുവും പത്രിയും ശേഖരിച്ചെടുക്കുകയാണ് വിളവെടുപ്പ് രീതി. കര്‍ഷകര്‍ക്കുതന്നെ ഇത് അനായാസം ചെയ്യാമെന്നതും ജാതിയെ വ്യത്യസ്തമാക്കുന്നു. ശേഖരിച്ച കായ്കളും പത്രിയും ഉണക്കി സൂക്ഷിക്കാം.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED