നിങ്ങള്‍ ലോംങ് ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ? ബൈക്കിനാണോ യാത്ര? എങ്കില്‍ ഇത് ശ്രദ്ധിക്കൂ!

News Desk January 4, 2018

കൂട്ടുകാരുമായി ദീര്‍ഘ ദൂരയാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഒരോ യാത്രയും ഒരോ അനുഭവങ്ങളാണ്. അപ്പോല്‍ ചുമ്മാതങ്ങ് യാത്രതിരിച്ചാല്‍ അതിനൊരു സുഖവും കാണില്ല. ലോംങ് ട്രിപ്പ് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്;

1. യാത്ര എങ്ങോട്ടാണെന്ന് തീരുമാനിച്ചെങ്കില്‍ പിന്നെ റൂട്ട്മാപ്പും പ്ലാനും റെഡിയാക്കാം. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റൂട്ട് തിരഞ്ഞെടുക്കാം. മൊബൈല്‍ ഫോണിലെ നെറ്റ് കണക്ഷന്‍ എല്ലായിടത്തും കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഗൂഗില്‍ മാപ്പ് നോക്കി വ്യക്തമായ റൂട്ട് മാപ്പ് പേപ്പറില്‍ വരച്ച് കയ്യില്‍ കരുതുന്നത് നന്നായിരിക്കും.

2. സ്ഥിരം തിരക്കുള്ള റോഡുകള്‍ ട്രാഫിക് കുറവുള്ള സമയത്ത് പിന്നിടാവുന്ന രീതിയില്‍ യാത്ര ക്രമീകരിക്കുക. ഒന്നിലേറെ ദിവസം നീളുന്ന യാത്രയില്‍ താമസസൗകര്യം മുന്‍കൂട്ടി തരപ്പെടുത്തി വയ്ക്കുക. പകല്‍ സമയം നിസ്സാരമായി ഒഴിവാക്കാവുന്ന പല അപകടസാഹചര്യങ്ങളും രാത്രിയില്‍ ഒഴിവാക്കാന്‍ പ്രയാസമാണ് (ഉദാ. കുഴികള്‍ , പട്ടി വട്ടം ചാടുന്നത് ). അതിനാല്‍ ഓരോ ദിവസത്തെയും യാത്ര വൈകിട്ട് ആറ് മണിക്ക് അവസാനിപ്പിക്കും വിധം ക്രമീകരിക്കുക. അതിനു യോജിക്കും വിധം വേണം താമസസ്ഥലം ക്രമീകരിക്കാന്‍.

3. കൂട്ടുകാരുമൊത്താണ് യാത്രയെങ്കില്‍ സംഘത്തില്‍ പരമാവധി അഞ്ച് ബൈക്കുകള്‍ വരെയേ ആകാവൂ. സമാനശേഷിയുള്ള ബൈക്കുകളായിരിക്കണം സംഘത്തില്‍ എല്ലാവരുടേതും. 150 സിസി ബൈക്കുകള്‍ക്കൊപ്പം പിടിക്കാന്‍ 100 സിസി ബൈക്കിന് കഴിയില്ല. ഫലത്തില്‍ ഏറ്റവും കുറഞ്ഞ ശേഷിയുള്ള വേഗതയിലാവും സംഘത്തിന്റെ യാത്ര. ഇത് യാത്രാദൈര്‍ഘ്യം വര്‍ധിപ്പിക്കും.

4. സര്‍വീസ് സെന്ററിലോ നല്ലൊരു വര്‍ക്ക്‌ഷോപ്പിലോ ബൈക്ക് പരിശോധിപ്പിച്ച് അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷം മാത്രമേ ലോങ് ട്രിപ്പ് നടത്താവൂ. ഹെഡ് – ടെയ്ല്‍ ലാംപുകള്‍ , ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം ശരിയാംവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബാറ്ററിയും ടയറുകളും നല്ല കണ്ടീഷനില്‍ ആയിരിക്കണം. ബൈക്കില്‍ ഒരു മൊബൈല്‍ ചാര്‍ജര്‍ ഘടിപ്പിക്കുന്നത് നല്ലതാണ്. റൈഡറുടെ പേരും ബ്ലഡ് ഗ്രൂപ്പും സ്റ്റിക്കറാക്കി ബൈക്കില്‍ പതിപ്പിക്കുക.

5. ഡ്രൈവിങ് ലൈസന്‍സ് , ബൈക്കിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് , പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒരു പ്ലാറ്റിക് കവറില്‍ പെട്ടെന്ന് എടുക്കാനാവും വിധം ബാഗില്‍ സൂക്ഷിക്കുക.

6. തലയ്ക്കു പാകത്തിനുള്ള ഹെല്‍മെറ്റ് , ജാക്കറ്റ് , ഗ്ലൗസ് , ഷൂസ് എന്നിവ ധരിച്ച് റൈഡിങ്ങിനു പോകുക. തലയ്ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം പൊടി , മഴ , കാറ്റ് എന്നിവയുണ്ടാക്കുന്ന അസ്വസ്ഥതകളെ ചെറുക്കാനും ഹെല്‍മെറ്റിനു കഴിയും. അപകടത്തില്‍ പെട്ടാല്‍ ശരീരത്തിലെ തൊലി അധികം പോകാതെയിരിക്കാന്‍ ജാക്കറ്റും ഷൂസും ഗ്ലൗസുമെല്ലാം സഹായിക്കും. തണുപ്പിനെ പ്രതിരോധിക്കാനും ഇവയെല്ലാം ആവശ്യമാണ്.

7. ലഗേജ് പരമാവധി കുറയ്ക്കുക. ഭാരം കുറവുള്ള ടീ ഷര്‍ട്ടുകളും പെട്ടെന്ന് മുഷിയാത്ത നിറമുള്ള ജീന്‍സുകളും യാത്രയ്ക്ക് ഉപയോഗിക്കുക. ബാഗ് തോളില്‍ തൂക്കിയിട്ട ഏറെ ദൂരം യാത്ര ചെയ്യുന്നത് പുറം വേദനയ്ക്ക് കാരണമാകും. ലഗേജ് ബൈക്കില്‍ കെട്ടിവയ്ക്കുന്നതാണ് ഉത്തമം. ബൈക്കില്‍ ലഗേജ് വെച്ച് കെട്ടുമ്പോള്‍ രണ്ടു വശത്തും ഒരേ ഭാരം വരാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വളവുകള്‍ വീശുമ്പോഴും സഡന്‍ബ്രേക്കിടുമ്പോഴും ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകും. ടാങ്കിലോ പിന്‍സീറ്റിലോ ബാഗുകള്‍ കെട്ടിവയ്ക്കാം. ഇത് ഉറപ്പിക്കാന്‍ ലഗേജ് ഫിക്‌സിങ് നെറ്റ് , ഇലാസ്റ്റിക് ലഗേജ് സ്ട്രാപ്പ് എന്നിവ ഉപയോഗിക്കാം.

8. ഫസ്റ്റ് എയ്ഡ് കിറ്റ്, ചോക്കലേറ്റ് , ലഘുഭഷണങ്ങള്‍ , വെള്ളം , മെബൈല്‍ ചാര്‍ജര്‍ ( ചാര്‍ജ് ശേഖരിച്ചുവയ്ക്കാനുള്ള പവര്‍ ബാങ്കും കരുതുന്നത് നന്ന്) എന്നിവ കൈവശം ഉണ്ടായിരിക്കണം. തലവേദന, വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്കുള്ള മരുന്നും കൈവശം വയ്ക്കുക..

9. സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്നു തീരാനിടയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ബാറ്ററി ബാക്കപ്പ് ഉള്ള ഒരു സാധാരണ ഫോണും കൂടി കയ്യില്‍ കരുതുക. പുതിയൊരു സിം വാങ്ങി ആവശ്യത്തിനു ടോക്ക് ടൈം ചാര്‍ജ് ചെയ്ത് ഇതിലിടുക. ഇതില്‍ കൂടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സഹയാത്രികരുടെയും നമ്പരുകള്‍ മാത്രം സേവ് ചെയ്ത് വയ്ക്കുക.

റോഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

1.സാധാരണ റോഡില്‍ പരമാവധി വേഗം 60 കിമീ ആയി പരിമിതപ്പെടുത്തുക. ഇത് യാത്രാക്ഷീണം കുറയ്ക്കുന്നതിനൊപ്പം അപകടസാധ്യത ഒഴിവാക്കും. നഗരവീഥിയിലും ജംഗ്ഷനുകളിലും സ്‌കൂള്‍ – ആശുപത്രി പരിസരത്തും വേഗം പരമാവധി കുറച്ച് കടന്നുപോകുക.

2. മറ്റുള്ള വാഹനങ്ങളുമായോ സംഘത്തിലുള്ളവര്‍ തമ്മിലോ മത്സരിച്ച് ബൈക്ക് ഓടിക്കാതിരിക്കുക. തികഞ്ഞ അച്ചടക്കം പാലിക്കണം. ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ സ്പീഡ് കൂട്ടി അവരെ തടസപ്പെടുത്തരുത്. കയറ്റം കയറി വരുന്ന വാഹനത്തിന് വഴിയൊതുങ്ങി കൊടുക്കുക.

3. മദ്യപിച്ച് യാതൊരു കാരണവശാലും യാത്ര പാടില്ല. മദ്യപാനം റൈഡിങ് അപകടത്തിലാക്കുക മാത്രമല്ല, പൊലീസ് പിടിയിലായാല്‍ യാത്ര മുടങ്ങാനും ഇടയാകും.

4. യാത്രയ്ക്കിടയില്‍ സംഘാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ആംഗ്യഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്. സംഘാംഗങ്ങളുടെ യുക്തിയ്ക്കനുസരിച്ച് ഇത് രൂപപ്പെടുത്തുക. ഉദാ: പെട്രോള്‍ നിറയ്ക്കണമെങ്കില്‍ ടാങ്കിലേയ്ക്ക് വിരല്‍ ചൂണ്ടുക.

5. റോഡിലൂടെ കൂട്ടമായി ബൈക്ക് ഓടിച്ച് പോകരുത്. ബൈക്കുകള്‍ തമ്മില്‍ 50 അടി അകലം പാലിക്കുക. സുരക്ഷിതമായി ബ്രേക്കിടുന്നതിന് ഇതു സഹായിക്കും.

6.വയറു നിറയെ ഭക്ഷണം കഴിച്ച് റൈഡ് ചെയ്യരുത്. പെട്ടെന്ന് ക്ഷീണം തോന്നാന്‍ അതിടയാക്കും. ആഹാരം ആവശ്യത്തിനു മാത്രം കഴിക്കുക. കഴിച്ച് പരിചയമില്ലാത്ത വിഭവങ്ങള്‍ ബൈക്ക് യാത്രയ്ക്കിടെ പരീക്ഷിക്കുന്നത് ബുദ്ധിയല്ല. വയറിനു പണി കിട്ടിയാല്‍ ആകെ പ്രശ്‌നമായതുതന്നെ.

7. ലോക്കല്‍ റൈഡേഴ്‌സുമായി റോഡില്‍ മത്സരിക്കരുത്. അവരുമായുള്ള മത്സരവും തുടര്‍ന്നുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളുമെല്ലാം യാത്രയുടെ രസം കൊല്ലും.

8. ഒരു മണിക്കൂര്‍ ഇടവേളയില്‍ ബൈക്ക് നിര്‍ത്തി 10 മിനിറ്റ് വിശ്രമിക്കുക. ആവശ്യത്തിനു വെള്ളം കുടിക്കുക. ഡീഹൈഡ്രേഷന്‍ റൈഡിങ്ങിലെ ശ്രദ്ധ കുറയ്ക്കാന്‍ ഇടയാക്കുമെന്നു അറിയുക.

9. ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കാന്‍ ഇടയാവരുത്. ഹാഫ് ടാങ്ക് ഇന്ധനമെങ്കിലും എപ്പോഴും ടാങ്കില്‍ നിലനിര്‍ത്തുക.

Read more about:
EDITORS PICK
SPONSORED