മുഖക്കുരു അകറ്റാം, മുഖകാന്തി നേടാം!

Pavithra Janardhanan January 4, 2018

കൗമാരകാലത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ വലയ്ക്കുന്ന പ്രശ്‌നമാണ് മുഖക്കുരു. കണ്ണാടിക്കു മുന്നില്‍ എത്ര സമയമാണ് ഓരോ കുട്ടികളും ചെലവഴിക്കുന്നത്. ഒരു വിധപ്പെട്ട ക്രീമുകളെല്ലാം തന്നെ പരീക്ഷണ വിധേയമാകുന്ന കാലവുമാണിത്.

സര്‍വസാധാരണമായ മുഖക്കുരു ഗുരുതരമായ രോഗമൊന്നുമല്ല. എന്നാല്‍, മുഖക്കുരുവും മായാത്ത കലകളുംമൂലം മനസ്സ് നീറിക്കഴിയുന്നവരേറെയാണ്. സാധാരണരീതിയില്‍ കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കള്‍ മുതല്‍ കൂടുതല്‍ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തില്‍ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കാം.

പേരു മുഖക്കുരുവെന്നാണെങ്കിലും കവിളുകളില്‍, കഴുത്തില്‍, നെഞ്ചത്ത്, മുതുകില്‍, തോള്‍ഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഖക്കുരു മുളയ്ക്കുന്ന പ്രായമെന്നാണ് പൊതുവില്‍ ടീനേജിനുള്ള വിശേഷണം. എന്നാല്‍ മുഖക്കുരുവിന് അങ്ങനെ പ്രായഭേദമൊന്നുമില്ല. 14 വയസ്സു മുതല്‍ 40 വയസ്സുവരെ ആര്‍ക്കും ഏതുസമയത്തും മുഖക്കുരുവുണ്ടാകാം.

ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയില്‍നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്.

ഈ മാറ്റത്തിന് അനുസൃതമായി ചര്‍മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേര്‍ന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങള്‍ വളരെവേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും.ഈ മൃതകോശങ്ങളും സെബവും ചേര്‍ന്ന് കട്ടിപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും.

ചര്‍മത്തില്‍ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോആക്‌നസ ബാക്ടീരിയ കട്ടിപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളര്‍ന്നു പെരുകാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമായ ഉത്തരമില്ല.

മുഖക്കുരുക്കലകള്‍ മായ്ച്ചുകളയുക ഇന്നൊരു പ്രശ്‌നമല്ല. ചര്‍മത്തിന്റെ സ്വഭാവം, ചികിത്സ വഴി നിങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാവണമെന്ന് അഭിലഷിക്കുന്ന മാറ്റം, ചെലവ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചുവേണം ഏതുതരത്തിലുള്ള ചികിത്സ തേടണം എന്നു തീരുമാനിക്കാന്‍.

മുഖക്കുരു കലകള്‍ മൂലം മനസ്സുമടുത്ത് എടുത്തുചാടി എന്തെങ്കിലുമൊരു തീരുമാനം എടുക്കുംമുമ്പ് വിദഗ്ധനായ ഒരു ചര്‍മ ശുശ്രൂഷകനെ കാണണം. ചെലവ്, ചികിത്സയ്ക്കു വിധേയരാകേണ്ടിവരുന്ന സമയം, ചികിത്സമൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ? ചികിത്സകൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ കൈവരിക്കാനാവും തുടങ്ങി നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കത്തക്കവിധം ഒരു മനസ്സുതുറന്ന ചര്‍ച്ചതന്നെ നടത്തുക.

മുഖത്തെ കലകള്‍മാറ്റി തെറ്റില്ലാത്ത സൗന്ദര്യം കൈവരിക്കാന്‍ കഴിയുമെങ്കിലും മുഖക്കുരു ഉണ്ടാകും മുമ്പുണ്ടായിരുന്ന ചര്‍മഭംഗി വീണ്ടെടുക്കാമെന്നു കരുതുന്നത് മൗഢ്യമാവും.കൊളാജന്‍ ഇന്‍ജക്ഷന്‍, ഓട്ടോലോഗസ് ഫാറ്റ് ട്രാന്‍സ്ഫര്‍, കെമിക്കല്‍ പീലിംഗ്, ക്രയോതെറാപ്പി, ഡെര്‍മാബ്രേഷന്‍, മൈക്രോ ഡെര്‍മാബ്രേഷന്‍, ചര്‍മശസ്ത്രക്രിയകള്‍, ലേസര്‍ ചികിത്സ തുടങ്ങി പലമാര്‍ഗങ്ങളും ഇതിന് അവലംബിക്കാറുണ്ട്.

ദിവസവും രണ്ടുമൂന്നു തവണയെങ്കിലും ഇളംചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് മുഖം കഴുകിയശേഷം സാവധാനം തുടച്ചുവൃത്തിയാക്കുക.
കൂടുതലായി യാത്ര ചെയ്യുന്നയാളാണെങ്കില്‍ മുഖം കൂടുതല്‍ തവണ കഴുകി വൃത്തിയാക്കണം.പോഷകഗുണങ്ങളടങ്ങിയ ഭക്ഷണവും ശരിയായ വ്യായാമവും ശീലമാക്കുക. ചര്‍മസംരക്ഷകനെയോ ത്വക്‌രോഗ വിദഗ് ധനെയോ കണ്ട് അദ്ദേഹത്തിന്റെ ഉപദേശാനുസരണം മാത്രമേ പ്രതിവിധികള്‍ ചെയ്യാന്‍ പാടുള്ളൂ.

Tags:
Read more about:
EDITORS PICK
SPONSORED