ഷാര്‍ജയില്‍ 26 കോടിയുടെ മയക്കുമരുന്ന് വേട്ട; ബിഗ് ഓപ്പറേഷനെ കുറിച്ച് പോലീസ്

News Desk January 4, 2018

ഷാര്‍ജ:ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന വേട്ട. ഒന്നരക്കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്. ഇത് ഏകദേശം 26 കോടിയോളം രൂപ വരും. സംഭവവുമായി ബന്ധപ്പെട്ട് 20 ഏഷ്യന്‍ വംശജരുള്‍പ്പെടുന്ന സംഘത്തെ പിടികൂടി.

അപകടകാരിയായ ക്രിസ്റ്റല്‍ മയക്കുമരുന്നാണ് ഷാര്‍ജ പോലീസിന്റെ ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. ഷാര്‍ജയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്. സംശയാസ്​പദമായ രീതിയില്‍ കണ്ട ദൃശ്യങ്ങളെ പിന്തുടര്‍ന്ന ഷാര്‍ജ പോലീസും ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങി. ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്കുമരുന്നുശേഖരം പിടികൂടിയത്.

വാട്‌സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘം മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആദ്യം ഏതെങ്കിലും സ്ഥലത്ത് പ്ലാസ്റ്റിക് കാരിബാഗിനുള്ളില്‍ മയക്കുമരുന്ന് നിറച്ച് കുഴിച്ചിടും. തുടര്‍ന്ന് അവിടെനിന്ന് ഫോട്ടോയെടുത്ത് വാട്‌സാപ്പില്‍ സ്ഥലമേതെന്ന വിവരം പങ്കുവെക്കും. ഇത് ഗ്രൂപ്പിലുള്ള ചുമതലപ്പെട്ടയാള്‍ എടുത്ത് ആവശ്യക്കാരില്‍ എത്തിക്കും.

സംഘത്തിന്റെ നേതാവെന്ന് സംശയിക്കുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. 19 കിലോ മയക്കുമരുന്നാണ് വിവിധ ഇടങ്ങളില്‍വെച്ച് കണ്ടെടുത്തത്. ഇതിന് ഒന്നരക്കോടി ദിര്‍ഹം വില മതിക്കുമെന്ന് ഷാര്‍ജ പോലീസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ മാജിദ് അല്‍ അസെം അറിയിച്ചു. ഫാര്‍മസികളില്‍നിന്നും ക്ലിനിക്കുകളില്‍നിന്നും ഡോക്ടര്‍മാരുടെ കൃത്യമായ കുറിപ്പടിയില്ലാതെ ലഹരിയായി ഉപയോഗിക്കാവുന്ന മരുന്ന് വില്‍പ്പന നടത്താന്‍ പാടില്ലെന്നും പോലീസ് മേധാവികള്‍ മുന്നറിയിപ്പുനല്‍കി.

Read more about:
EDITORS PICK
SPONSORED