വിളകൾക്കും വേണം കാൽസ്യം!

Pavithra Janardhanan January 5, 2018

കാത്സ്യം എന്നാൽ, നമുക്ക്‌ പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്‌. സസ്യങ്ങ ളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിർമാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്‌റ്റേറ്റ്‌ സംയുക്തങ്ങൾ കോശഭിത്തിക്ക്‌ ഉറപ്പുനൽകുന്നു. ചെടികളിലെ എൻസൈമിന്റെ യും ഹോർമോണിന്റെയും പ്രവർത്തനത്തിൽ ഇതിന്‌ പ്രധാന പങ്കുണ്ട്‌.

സസ്യങ്ങളിലെ അമ്ല അയോണുകളെ  തുലനം ചെയ്യാനും കാത്സ്യത്തിന്‌ കഴിയും. വരൾച്ചയെ ചെറുക്കാൻ വിളകളെ പ്രാപ്തമാക്കുന്നതിൽ പൊട്ടാസ്യത്തെപ്പോലെ കാത്സ്യത്തിനും പങ്കുണ്ട്‌.കായുടെ രുചികൂട്ടാനും കാത്സ്യത്തിന്‌ കഴിയും. വേരുകളുടെ വളർച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും ഇത്‌ വേണം. കാത്സ്യത്തിന്റെ കുറവ്‌ പുതുനാമ്പുകളിലും വേരുകളിലുമാണ്‌ ആദ്യം പ്രത്യക്ഷപ്പെടുക.

വേര്‌ മുരടിക്കലും കൂമ്പിലയുടെ അറ്റംമുതൽ കരിഞ്ഞുതുടങ്ങുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്‌. പുതിയ ഇലകളുടെ വലിപ്പംകുറഞ്ഞ്‌ ആകൃതിയിൽ വ്യത്യാസംവരും. വാഴയിൽ കൂമ്പില തുറന്നുവരാൻ വൈകുന്നതും തക്കാളിയിൽ കായയുടെ അറ്റം വട്ടത്തിൽ കരിയുന്നതും നെല്ലിൽ വേരുവളർച്ച മുരടിക്കുന്നതും നമ്മുടെ നാട്ടിൽ സ്ഥിരംകാണുന്ന കാഴ്ചയാണ്‌.

ഒലിച്ചുപോകുന്ന മണ്ണിനോടൊപ്പം ക്ഷാരസ്വഭാവമുള്ള മൂലകമായ കാത്സ്യവും നഷ്ടപ്പെടുന്നു. പുളിരസം കൂടിയ നമ്മുടെ മണ്ണിൽ കാത്സ്യം തീരെ ഇല്ലെന്നുതന്നെ പറയുന്നതാണ്‌ ശരി.മഗ്നീഷ്യത്തിനും സൾഫറിനുമൊപ്പം കാത്സ്യം സെക്കൻഡറി അഥവാ  ദ്വിതീയമൂലകത്തിൽപ്പെടുന്നു.

നൈട്രജൻ, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ എന്നീ പ്രാഥമിക മൂലകങ്ങൾക്ക്‌ ഏറെ പ്രാധാന്യം നൽകി കൃഷി ചെയ്യുന്നതിനിടയിൽ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും എന്തിന്‌ ജൈവവളങ്ങൾപോലും ഒഴിവാക്കിയാണ്‌ നമ്മൾ മുന്നോട്ടുപോകുന്നത്‌. അളവ്‌ കുറച്ചുമതി എന്ന ഒറ്റക്കാരണംകൊണ്ടാണ്‌  കാത്സ്യം രണ്ടാംസ്ഥാനക്കാരനായത്‌.

മണ്ണിന്റെ പുളിരസം മാറ്റാൻ ശരിയായ അളവിലും രീതിയിലും കുമ്മായവസ്തുക്കൾ ചേർത്താൽതന്നെ കാത്സ്യപ്രശ്നത്തിന്‌ പരിഹാരമാകും. പുളിരസം കുറയുന്നതോടൊപ്പം കാത്സ്യവും ലഭിക്കുന്നുവെന്നതാണ്‌ അധികമേന്മ. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സംയുക്തമായ ഡോളമൈറ്റ്‌ കുമ്മായവസ്തുവായി തിരഞ്ഞെടുക്കുന്നത്‌ ഏറെ അഭികാമ്യം.

നെൽകൃഷിയിൽ ആദ്യ ഉഴവുചാലിനൊപ്പം 10 സെന്റിന്‌ 14 കിലോഗ്രാം,  പറിച്ചുനട്ട്‌ ഒരു മാസത്തിനുശേഷം വീണ്ടും 10 കിലോഗ്രാം -ഇതാണ്‌ കുമ്മായ പ്രയോഗരീതി. തെങ്ങൊന്നിന്‌ കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ തടം തുറന്ന്‌ രണ്ടുകിലോഗ്രാം വരെ കുമ്മായം ചേർക്കണം.കമുകിനും കുരുമുളകിനും അരക്കിലോഗ്രാം മതിയാകും.

പച്ചക്കറിയിൽ ആദ്യ ഉഴവുചാലിൽ സെന്റൊന്നിന്‌ രണ്ടുകിലോഗ്രാം കുമ്മായം വേണം. ഗ്രോബാഗിലേക്കാണെങ്കിൽ 200 ഗ്രാം വരെ കുമ്മായമാകാം. വാഴയിൽ കുഴിയെടുത്ത ഉടനെ 300 ഗ്രാമും പിന്നീട്‌ ഒരുമാസത്തെ ഇടവേളകളിൽ 250 ഗ്രാം കുമ്മായം മൂന്നുതവണയെങ്കിലും നൽകണം. കാത്സ്യം ആവശ്യത്തിന്‌ ലഭിക്കുന്ന വിളകളിൽ കീടരോഗബാധ കുറയുമെന്നതാണ്‌ പുതിയ കണ്ടെത്തൽ.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED