മലപ്പുറത്തെ കുട്ടികളുടെ രക്ഷിതാക്കളെ പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്

Dhanesh January 12, 2018

റുബെല്ല വക്സിനെതിരെ വന്‍ എതിര്‍പ്പ് നേരിട്ട മലപ്പുറം ജില്ലയിലെ സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്    രംഗത്ത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍പഠിക്കുന്ന ആറ് ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ഏകദിന പരിശീലനം നല്‍കുന്നത്. കുട്ടികളുടെ സമഗ്ര വികാസത്തിന് രക്ഷിതാക്കളുടെ ശാസ്ത്രീയമായ പങ്ക് ഉറപ്പ്‌വരുത്തുന്നതിനും, പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യപിന്തുണ തേടുന്നതിനുമുള്ള   വിപുലമായ രക്ഷാകര്‍തൃശാക്തീകരണ പരിപാടി പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
പരിശീലനപരിപാടിയുടെ മുന്നോടിയായി പരിശീലകര്‍ക്കുള്ള പരിശീലനപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാതല പരിശീലനം ജനുവരി ഒമ്പതിന് മഞ്ചേരിയില്‍ നടന്നു. സബ്ജില്ലാതല പരിശീലനം ഇന്ന്  നടക്കും. ജനുവരി 15നും 16നുമായി പഞ്ചായത്ത്തല പരിശീലനം നടക്കും. തുടര്‍ന്ന്് ഫെബ്രുവരി 5 വരെയുള്ള നാല് ആഴ്ച  കൊണ്ട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശീലനം പൂര്‍ത്തിയാക്കും.
പൊതുവിദ്യാഭ്യാസവകുപ്പ്, സര്‍വശിക്ഷാഅഭിയാന്‍, രാഷ്ട്രീയ മാധ്യമിക്ശിക്ഷാ അഭിയാന്‍, ഡയറ്റ് എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ രക്ഷിതാക്കള്‍ക്കും നേരിട്ട് കത്തയക്കും.

Read more about:
EDITORS PICK
SPONSORED