മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നിയമ വിരുദ്ധമായ ക്രാഷ് ഗാര്‍ഡ്‌

News Desk January 17, 2018

മോട്ടോര്‍ വാഹന നിയമം പാലിക്കുന്നതില്‍ പൊതുവേ വിമുഖരാണ് മലയാളികള്‍ കൂടുതലും.              എന്നാല്‍ മാതൃകയായി മാറേണ്ടവര്‍ നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും?.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനമാണ് നിയമം ലംഘിച് ഓടുന്നത്. ക്രാഷ് ഗാര്‍ഡ് വാഹനത്തില്‍ പിടിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടും  മുഖ്യമന്ത്രിയുടെ ഔദ്യോഗിക  വാഹനമായ ഇന്നോവ ക്രിസ്ടയുടെ മുന്‍ ഭാഗത്താണ് നിയമ വിരുദ്ധമായി ക്രാഷ് ഗാര്‍ഡ് പിടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി  അറിഞ്ഞു കൊണ്ടല്ലെങ്കിലും  ഉദ്യോഗസ്ഥന്‍മാരുടെ അറിവോട് കൂടിയാണ് ഇത്തരത്തില്‍ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമായിട്ടും ക്രാഷ് ഗാര്‍ഡ് അഴിച്ചു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍  മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡ് ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. നിയമലംഘിക്കുന്നവരില്‍ നിന്നും സെക്ഷന്‍ 190, 191 പ്രകാരം പിഴ ഈടാക്കും.

നിയമംലംഘനം പിടിക്കപ്പെട്ടാല്‍ 1,000 രൂപയാണ് ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കുക. നിയമലംഘനും വീണ്ടും ആവര്‍ത്തിച്ചാല്‍ രണ്ടായിരം രൂപ വരെ ഡ്രൈവര്‍ക്ക് മേൽ പിഴ ചുമത്തും.
അതേസമയം അനധികൃത ക്രാഷ് ഗാര്‍ഡുകളും ബുള്‍ ബാറുകളും വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ 5,000 രൂപ വരെയാണ് വില്‍പനക്കാരനില്‍ നിന്നും പിഴ ഈടാക്കുക.

കാറുകളിൽ തന്നെ സാധാരണ എസ്.യു. വി കളിലാണ് ക്രാഷ് ഗാർഡ് മിക്കവരും പിടിപ്പിക്കുന്നത്. സ്റ്റീലിലും പ്ലാസ്റ്റിക്കിലും ലഭ്യമാകുന്ന ഇവയ്ക്ക് മിക്കപ്പോഴും 4000 മുതൽ 10,000 വരെയാണ് വില വരിക. വാഹനങ്ങൾക്ക് അധിക സുരക്ഷ ലഭിക്കുമെന്ന് കരുതിയാണ് പലരും ഇത് വാഹനങ്ങളിൽ സ്ഥാപിക്കാറുള്ളത്.സുരക്ഷ ഉറപ്പുവരുത്തുന്ന നിരവധി പരിശോധനകൾ കഴിഞ്ഞിട്ടാണ് ഓരോ കാറും വിപണിയിലെത്തുന്നത്. എന്നാൽ മോഡിഫൈ ചെയ്യുന്നു എന്ന പേരിൽ വാഹനങ്ങളുടെ ബമ്പറിലടക്കം സ്ഥാപിക്കുന്ന ക്രാഷ് ഗാർഡ് ഉൾപ്പെടെയുള്ളവ ചെറിയ അപകടങ്ങളിൽ നിന്ന് വാഹനങ്ങളെ സുരക്ഷിതമാക്കിയേക്കും, എന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇവ ഇരട്ടി ആഘാതമാണ് വരുത്തി വയ്ക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും

അപകടത്തില്‍ ഇടിയുടെ ആഘാതം ക്രാഷ് ബാറുകള്‍ ആദ്യം ഏറ്റുവാങ്ങുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ബാഗുകള്‍ ഒരല്‍പം വൈകിയാകും പുറത്തേക്ക് വരിക. ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണിലേക്ക് എത്തുമ്പോഴാണ് സെന്‍സറുകള്‍ മുഖേന എയര്‍ ബാഗുകള്‍ പുറത്തേക്ക് വരുന്നത്. ഇടിയുടെ ആഘാതത്തെ ക്രാഷ് ഗാര്‍ഡുകള്‍ പ്രതിരോധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ചയാണ്  സംഭവിക്കുന്നത്.

ക്രാഷ് ഗാര്‍ഡും റോഡ് യാത്രികരും

വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മറ്റ് റോഡ് യാത്രികരുടെ ജീവന് പോലും ഭീഷണിയാണ്. റോഡ് യാത്രികരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ കാറുകളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം റോഡ് യാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡ്‌

ഇരുചക്രവാഹനങ്ങളിൽ ഈ നിയമം ബാധകമാണോ എന്നു നിർദ്ദേശത്തിൽ വ്യക്തതയില്ല. എ ആര്‍ എ ഐ മാനദണ്ഡം പ്രകാരം പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെൽമെറ്റ് റിയർവ്യൂ മിറർ, സാരി ഗാർഡ്, ക്രാഷ് ഗാര്‍ഡ്‌, ഹാൻഡ് ഗ്രിപ്പ് ഇവ മതിയാവുന്നതാണ്. ഇവ പൂർണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. എന്നാല്‍ നിയമത്തിലെ അവ്യക്തത ചില ആര്‍ ടി ഓ ഉദ്യോഗസ്ഥര്‍ മുതലെടുത്ത്‌ കൊണ്ട് ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുണ്ട്.

 

 

Read more about:
EDITORS PICK