“നാടു നന്നാക്കാൻ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്”:അഡ്വ:എ ജയശങ്കർ

Pavithra Janardhanan January 21, 2018

കൊച്ചി:എറണാകുളം റേഞ്ച് ഐ ജി പി വിജയൻറെ സ്ഥലംമാറ്റത്തെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത്.കഴിഞ്ഞ ദിവസമാണ് പോലീസ് തലപ്പത്ത് അഴിച്ചുപണികൾ നടന്നത്.ഇതിന്റെ ഭാഗമായി പി വിജയനെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.ജയശങ്കർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ തവണത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പി വിജയനെ പേരെടുത്തു അഭിനന്ദിച്ചിരുന്നു.
അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

വിജയനെ അറിയാമോ,
പി വിജയനെ അറിയാമോ?

തെറ്റിദ്ധരിക്കരുതേ,
ഇരട്ട ചങ്കുളള നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചല്ല, ഒറ്റയ്ക്കൊരു ചങ്കുളള ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റിയാണ്, ഈ കുറിപ്പ്.

വായിൽ വെളളിക്കരണ്ടിയുമായി ജനിച്ചയാളല്ല, പുതിയോട്ടിൽ വിജയൻ. ഒരു കുഗ്രാമത്തിൽ, ദരിദ്ര കുടുംബത്തിൽ ജനിച്ച് പരുപരുത്ത ജീവിത യാഥാർഥ്യങ്ങളോടു പടപൊരുതി ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിച്ചു. കർത്തവ്യ വ്യഗ്രനായ ഓഫീസർ എന്നു പേരെടുത്തു. CNN IBN ചാനൽ 2014ലെ ഇന്ത്യൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.
നിർഭയനും സത്യസന്ധനുമാണ് വിജയൻ. വളയാത്ത നട്ടെല്ല്, കുനിയാത്ത ശിരസ്സ്.

കൊച്ചിയിൽ കമ്മീഷണറായും റൂറൽ എസ് പി യായും തിളങ്ങിയ വിജയൻ റേഞ്ച് ഐജിയായും പേരെടുത്തു. കൊല്ലം ഒന്നു തികയും മുമ്പ് സ്ഥാനചലനമുണ്ടായി എന്നുമാത്രം. പോലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ നാടുകടത്തിയിട്ടുളളത്. പകരം വരുന്നത് മർദ്ദക വീരനെന്നു പേരുകേട്ട വിജയ് സാക്കറെ.

സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നതു കൊണ്ടാണ് വിജയനെ സ്ഥലം മാറ്റിയതെന്ന് മലയാള മനോരമ ആരോപിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് മാർക്സിസ്റ്റ് നേതാക്കൾ ആണയിട്ടു പറയുന്നു. സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകൾ സംശയിക്കുന്നവരുമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാൻ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED