മഞ്ഞപ്പടയെ കലിപ്പടിപ്പിച്ച് കപ്പടിപ്പിക്കാന്‍ ആ മുന്‍താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നുവെന്നോ?

News Desk January 25, 2018

കൊച്ചി: അതേ…, എല്ലാവരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടിയാണ്. ഗോള്‍ വലകളിലേക്ക് കാലില്‍ നിന്ന് പന്ത് പറന്ന് കയറുന്നത് കാണാന്‍ കാത്തിരിക്കുന്നവരെ പക്ഷേ നിരാശരാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മടക്കി അയക്കുന്നത്. ഐ.എസ്.എല്‍ നാലം സീസണില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കേരളത്തില്‍ മഞ്ഞപ്പട ശ്രമിക്കുന്നതിനിടെയായിരുന്നു ടീമിലെ പടലപ്പിണക്കങ്ങളുടെ പേരില്‍ സൂപ്പര്‍ താരം സിഫ്നിയോസിസ് ടീം വിടുന്നത്. സിഫ്നിയോസിസ് മടങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ടീമിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

നിര്‍ണ്ണായക ഘട്ടത്തില്‍ ടീമില്‍ ആരെത്തുമെന്ന ആകാംക്ഷയില്‍ ആരാധകരും ടീമിലേക്കുള്ള താരങ്ങളെ തിരയാന്‍ മാനേജ്മെന്റും തയ്യാറെടുക്കുന്നതിനിടെ ടീമിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്‍ സൂപ്പര്‍ താരം ആന്റണിയോ ജെര്‍മന്‍.

കേരള ബ്ലാസേഴ്സിനു വേണ്ടി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഓഫര്‍ വന്നാല്‍ ടീമിലേക്കു വരാന്‍ ആഗ്രഹമുണ്ടെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്നും അത്തരത്തിലൊരു ഓഫറും വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. ട്വിറ്ററിലാണ് താരം മടങ്ങിയെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.

രണ്ടു സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ താരമാണ് ഇംഗ്ലണ്ടുകാരനായ ജെര്‍മന്‍. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഒമ്പതു മത്സരങ്ങളില്‍ നിന്നും ആറു ഗോളുകള്‍ നേടിയ താരം രണ്ടാം സീസണില്‍ പതിനൊന്നു മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും ഗോളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു വിദേശ താരങ്ങളെക്കൂടി പുറത്താക്കാന്‍ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അടുത്ത ദിവസം തന്നെ പുതിയ താരങ്ങളുമായി കരാറിലേര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about:
EDITORS PICK
SPONSORED