രാജാവിന്റെ മകന്‍ പൂച്ചയല്ല പുലിക്കുട്ടി തന്നെ; ‘ആദി’ റിവ്യൂ

News Desk January 26, 2018

കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തുന്ന ആദി എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുറകെ നടന്നിരുന്ന ആദിയെ അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. ഈ ഊരക്കുടുക്കുകളുടെ ഘോഷയാത്രയാണ് ആദ്യപകുതി. രണ്ടാം പകുതിയില്‍ ഇതില്‍ നിന്നൊക്കെ പുറത്തുവരാന്‍ പാടുപെടുന്ന ആദിയെയാണ് കാണുക.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം.. എന്ന ഗാനം പാടി പ്രണവ് ബിഗ് സ്‌ക്രീനില്‍ അവതരിക്കുമ്പോള്‍ തിയറ്റര്‍ പൂരപ്പറമ്പായി മാറുകയാണ്. പിന്നീട് ചിത്രം ചെറുതായൊന്നു താഴ്ന്ന് പറക്കുമെങ്കിലും കഥ കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ നഗരത്തിലേക്ക് എത്തുന്നതോടെ കഥ ത്രില്ലിങായി മാറുന്നു. ചുരുക്കി പറഞ്ഞാല്‍ സ്വപ്‌നത്തിനും മരണത്തിനും ഇടയിലൂടെയാണ് ആദി കടന്നുപോകുന്നത്.

ജീത്തു ജോസഫിന്റെ എല്ലാ ചിത്രങ്ങളിലും കാണാറുളളത് പോലെ ട്വിസ്റ്റുകളുടെ വലിയൊരു ഘോഷയാത്ര ആദിയിലും ഉണ്ടെങ്കിലും എല്ലാവരെയും ആകര്‍ഷിക്കുന്നത് ആക്ഷന്‍ രംഗങ്ങള്‍ തന്നെ. പാര്‍ക്കൗര്‍ ഫൈറ്റ് സീനുകളില്‍ പ്രണവിന്റെ ശരീരഭാഷ എല്ലാവരെയും അമ്പരപ്പിക്കും ഞെട്ടിക്കും. പിന്നെ പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ..പുലിക്കുട്ടി തന്നെ.ആക്ഷന്‍ സീനുകള്‍ തിയറ്ററുകളെ ഇളക്കി മറക്കുകയാണ്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ഇടവേളയും ആവേശ കൊടുമുടിയിലാഴ്ത്തുന്ന ക്ലൈമാക്‌സും ചിത്രത്തിന്റെ പഞ്ച് സീനുകളാണ്.

ആദിയുടെ പശ്ചാത്തലസംഗീതം സിനിമയ്ക്ക് സമ്മാനിക്കുന്നത് ചിത്രത്തിന് അനുയോജിച്ച നല്ലൊരു മൂഡ് തന്നെയാണ്.

ആദിയുടെ മാതാപിതാക്കളായി എത്തിയ ലെനയും സിദ്ധിഖും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. അപ്പുവും സിദ്ധിഖും ലെനയും ഒരുമിച്ച സീനുകള്‍ അതിമനോഹരം. നായികയായി എത്തിയ അനുശ്രീയും കൃതികയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഷറഫുദ്ദീന്റെ ശരത് എന്ന കഥാപാത്രവും കൈയ്യടി നേടി. വില്ലനായി എത്തിയ ജഗപതി ബാബു നല്ലൊരു ഒത്ത വില്ലനായി നില്‍ക്കുന്നു. കൂടാതെ മോഘനാഥന്‍ ടോണിലുക്ക് എന്നിവരും അവരുടെ വേഷങ്ങള്‍ മികച്ചതാക്കി.


പ്രണവിന്റെ അഭിനയം ചില ഇടങ്ങളില്‍ കൈവിട്ട് പോകുന്ന പോലെ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ചിത്രത്തിന്റെ ഇടയ്ക്ക് കറിവരുന്ന ഇഴച്ചിലും മടുപ്പ് ഉണ്ടാക്കിയേക്കാം പക്ഷേ ചെറിയ പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ ചിത്രം കൊലമാസ് തന്നെയാണ്. ഒരു നരസിംഹം അവതരിച്ച പ്രതീതി തോന്നിയേക്കാം.

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണമികവ് ചിത്രത്തില്‍ ഉടനീളം പ്രകടമാണ്. ഒരോ സീനുകളിലെയും ഭംഗി ഒന്നിന്നൊന്ന് മെച്ചം. അനില്‍ ജോണ്‍സന്റെ ഗാനങ്ങളും നല്ലൊരു ഫീല്‍ നല്‍കുന്നു, പ്രണവ് മോഹന്‍ലാല്‍ ആലപിച്ച ഗാനം മനംകവരും. ജീത്തു ജോസഫിന്റെ കരിയറിലെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ മാത്രമല്ല ആദിയുടെ ഹിറ്റ്‌ലിസ്റ്റില്‍ എഴുതപ്പെടുക. 2018 ജനുവരി 26 രാജാവിന്റെ മകന്റെ സിനിമലോകത്തേക്കുളള ശക്തമായ വരവിന്റെ അടയാളം കൂടിയായി കാലം സിനിമയെ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതീക്ഷകള്‍ക്ക് അപ്പുറം ഒരു നല്ല ഫീല്‍ സമ്മാനിക്കുന്ന ആദി ആരെയും നിരാശനാക്കില്ലെന്ന കാര്യം ഉറപ്പ്.

Read more about:
RELATED POSTS
EDITORS PICK