സാരിക്ക് മാറ്റ് കൂട്ടാൻ..

Pavithra Janardhanan January 26, 2018

സാരിയുടെ ഭംഗി കൂട്ടാനും കുറയ്ക്കാനും അതിനൊപ്പമുള്ള ആക്സസറീസിനു കഴിയും. വില കുറഞ്ഞ കോട്ടൻ സാരിയുടെ ഭംഗി കൂട്ടാൻ മുത്തുവച്ച നല്ലൊരു കമ്മൽ വിചാരിച്ചാൽ സാധിക്കും. പതിനായിരങ്ങൾ മുടക്കി വാങ്ങിയ പട്ടുസാരിയുടെ ചേലു കെടുത്താൻ അതിനൊട്ടും ചേരാത്ത ഹാഫ് ഷൂ മാത്രം മതി.

വീതിയേറിയ ബോഡറുള്ള പട്ടുസാരിക്ക് ഇറക്കം കുറഞ്ഞ മാലകളാ ണ് ഇണങ്ങുക. കഴുത്തിൽ ചേർന്നുകിടക്കുന്ന നെക്‌ലേസ്, ചോക്കർ ഇവ തിരഞ്ഞെടുക്കാം. വീതി കുറഞ്ഞവയ്ക്ക് അൽപം ഇറക്കമുള്ള വലിയ ലോക്കറ്റുള്ള മാലകൾ നന്നായിണങ്ങും. ട്രഡീഷനൽ വളകളും മോതിരങ്ങളും നാടൻ ലുക്കിനു പൂർണത നൽകും.

‘പഴമയൊട്ടു വിടാനും വയ്യ, പുതുമ വേണം താനും’ ഇക്കൂട്ടർക്ക് ആവോളം എക്സ്പിരിമെന്റ് ചെയ്യാൻ സാധ്യതയുണ്ട്. സ്ലീവ്‍‌ലെസ്സും ജാക്കറ്റ് ബ്ലൗസും ഒക്കെ സാരിക്കൊപ്പം വിലസുമ്പോൾ ആഭരണങ്ങൾ മിനിമലാണ്. കാതു നിറയ്ക്കുന്ന കമ്മൽ അല്ലെങ്കിൽ ബ്രോച്ച്.

സിംപിൾ പട്ടു സാരിയാണെങ്കിൽ നല്ലൊരു ഹെവി നെക്പീസ് ഇടുന്നത് എടുപ്പു കൂട്ടും. പട്ടു സാരിക്കൊപ്പം ഷൂ, ഹാഫ് ഷൂ ഒന്നും വേണ്ട. കഴിവതും കാലിനെ മുഴുവനായി മറയ്ക്കാത്ത ഡിസൈനുകൾ നോക്കുക. സാരിയുടേയും ബ്ലൗസിന്റേയും അതേ നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഔട്ട് ഓഫ് ഫാഷനാണെന്ന് ഓർക്കുക. സാരിയുടെ നിറത്തിനോട് ഒത്തു പോകുന്ന ഷെയ്ഡിലും കോൺട്രാസ്റ്റ് ടിന്റിലും ഉള്ളവ ഉപയോഗിക്കാം.

കല്യാണത്തിനൊക്കെ അത്യാവശ്യം നല്ലവണ്ണം ആഭരണങ്ങളിട്ട് ഷൈൻ ചെയ്തിട്ട് റിസപ്ഷനു വരുമ്പോൾ ആർഭാടമില്ലാതെ എലഗന്റ് ആയി ഒരുങ്ങാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഡയമണ്ട്, സ്വർണം, റോസ് ഗോൾഡ് ഇവയിലുള്ള ഒറ്റ പീസ് മാലകളാണ് കൂടുതൽ പേർക്കും ഇഷ്ടം. വിലകൂടിയ വാച്ചുകൾ മാത്രം കെട്ടുന്നതും ട്രെ ൻഡ് തന്നെ. റോ സിൽക്, കോട്ടന്‍ മിക്സ്, സാറ്റിൻ, സിൽക്ക് മെറ്റീരിയലിൽ പേൾ വർക്ക്, ത്രെഡ്‌വർക്ക്, സ്റ്റോൺ വർക്ക് ഒക്കെ ഉള്ള സാരികളാണ് പാർട്ടിയിലെ സ്റ്റാർ.

സാധാരണ പാർട്ടിക്കു പോകുമ്പോൾ ഒരുങ്ങുന്നതുപോലെയല്ല ജോലി സംബന്ധമായുള്ള പാർട്ടികൾക്കു പോകുന്നത്.ഡൾ കളർ കല്ലുള്ള മാലകൾ, മുത്തു മാലകൾ, ഡയമ ണ്ട്, റോസ് ഗോൾഡ് എന്നിവ ഇത്തരം സന്ദർഭങ്ങൾക്ക് നന്നായി ഇണങ്ങും. മുടിയിൽ കല്ലു പതിപ്പിച്ച ക്ലിപ്പുകൾ കുത്തുന്നതും ഒന്നിലധികം വളകളും മാലകളും ഇടുന്നതും ഒ ഴിവാക്കാം. അധികം കല്ലും ഗ്ലിറ്ററും ഇല്ലാത്ത ബ്രോച്ചുകൾ, ഒറ്റ വളയോ വാച്ചോ ഒക്കെ സാരിക്കിണങ്ങും വിധം ധരിക്കാം. സാധാരണ ഓഫിസിൽ കൊണ്ടു പോകുന്ന ബാഗ് മാറ്റി ഒരു ക്ലച്ചോ പഴ്സ് പിടിച്ചാൽ ലുക് പൂർണമായി. സാരിയുടുത്തിട്ട് ഹീൽസ് ധരിക്കുന്നത് കോൺഫിഡന്റ് ലുക്ക് തരും.

പൊട്ടും പൂവും ജിമിക്കിയുമിട്ടാൽ തന്നെ ഗൃഹാതുരമായി ഉള്ളിനുള്ളിൽ സൂക്ഷിക്കുന്ന മലയാളി പെൺകൊടിയായി. സ്വർണം, വെള്ളി ആഭരണങ്ങളാണ് സെറ്റ് സാരിയുടെ സ്വന്തം കൂട്ടുകാർ.

Read more about:
EDITORS PICK