അണ്ടർ-19 ലോകകപ്പ്‌; ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമിഫൈനലിൽ

News Desk January 26, 2018

ക്വീൻസ്ടൗൺ: ഇത് ഇന്ത്യയ്ക്ക് അഭിമാന നേട്ടം. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമിഫൈനലിൽ . ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. 131 റൺസിനായിരുന്നു ഇന്ത്യൻ ജയം. സെമിയിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 265 റൺസെടുത്തു. സുബ്മാൻ ഗില്ലിൽ (86), അഭിഷേക് ശർമ (50) എന്നിവരുടെ അർധ സെഞ്ചുറിയും ക്യാപ്റ്റൻ പൃഥ്വി ഷായുടെ മികച്ച പ്രകടനവുമാണ് ഇന്ത്യൻ സ്കോർ നില 200 ൽ കടത്തിയത്. പൃഥ്വി 40 റൺസെടുത്തു. ഹാർവിക് ദേസായി 34 റൺസും റിയാൻ പരാഗ് 15 റൺസും നേടി. മറ്റു ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ആർക്കും തന്നെ രണ്ടക്കം കടക്കാനായില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 134 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 43 റൺസെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി കമലേഷ് നാഗർകൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശർമ്മ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. ജനുവരി 30 നാണ് ഇന്ത്യ-പാക്കിസ്ഥാൻ സെമിഫൈനൽ പോരാട്ടം.

Read more about:
EDITORS PICK
SPONSORED