ഐപിഎല്‍ താരലേലം; ബെന്‍ സ്റ്റോക്‌സിന് പൊന്നും വില; അശ്വിന്‍ പഞ്ചാബില്‍

News Desk January 27, 2018

ബംഗലൂരു: ഐപിഎല്‍ 2018 സീസണിലേക്കുള്ള താരലേലത്തിന് ബെംഗലൂരുവില്‍ തുടക്കമായി. പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുളള ലക്ഷ്യവുമായി പഞ്ചാബ് ആണ് തുടക്കം മുതലേ താരലേലത്തില്‍ പങ്കാളികളായത്. അതേസമയം രവിചന്ദ്ര അശ്വിനെ സ്വന്തമാക്കാന്‍ പഞ്ചാബ് മുന്നിട്ടിറങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ ശ്രമത്തില്‍ നിന്ന് പിന്മാറി.

പ്രതീക്ഷിച്ചത് പോലെ ബെന്‍ സ്റ്റോക്‌സിന് വേണ്ടിയാണ് ഏറ്റവും ശക്തമായി ടീമുകള്‍ വാദിച്ചത്. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്. 12 കോടി വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തിന്റെ ലേലത്തുക ഉയര്‍ത്തിയത്. എന്നാല്‍ രാജസ്ഥാന്‍ ലേലത്തില്‍ വന്നതോടെ ഇവര്‍ പിന്മാറി.

ആദ്യ ഘട്ട ലേലത്തില്‍ കൂടുതല്‍ തുക നേടിയ താരങ്ങള്‍
ബെന്‍ സ്റ്റോക്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 12.5 കോടി
മിച്ചല്‍ സ്റ്റാര്‍ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 9.4 കോടി
ആര്‍. അശ്വിന്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് – 7.6 കോടി
കീറണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – 5.4 കോടി
ശിഖര്‍ ധവാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 5.2 കോടി

7.6 കോടി രൂപയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രവിചന്ദ്ര അശ്വിനെ സ്വന്തമാക്കിയത്. ആദ്യം ശിഖര്‍ ധവാനായിരുന്നു ലേലത്തില്‍ വന്ന താരം. പഞ്ചാബും രാജസ്ഥാനുമാണ് ലേലത്തില്‍ തുടക്കം മുതല്‍ പങ്കെടുത്തത്. രാജസ്ഥാന്‍ പിന്മാറിയപ്പോള്‍ മുംബൈ രംഗത്തെത്തി. എന്നാല്‍ പഞ്ചാബ് 5 കോടി പ്രഖ്യാപിച്ചതോടെ ഇവരും പിന്മാറി. എന്നാല്‍ താരത്തെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5.2 കോടി ആദ്യമേ ഉറപ്പിച്ചതിനാല്‍ ധവാനെ സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിച്ചില്ല.

5.40 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തന്നെ വെസ്റ്റ് ഇന്റീസ് താരം കീറണ്‍ പൊള്ളാര്‍ഡിനെ സ്വന്തമാക്കി. അതേസമയം ക്രിസ് ഗെയ്‌ലിന് വേണ്ടി ആരും രംഗത്ത് വരാതിരുന്നത് ഞെട്ടലുണ്ടാക്കി. ഫാഫ് ഡുപ്ലെസിസിനെ 1.6 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. രഹാനെയെ നാല് കോടി രൂപ എറിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് വലയിലാക്കിയത്. കടുത്ത ലേലം വിളി നടന്ന മിച്ചല്‍ സ്റ്റാര്‍കിന് വേണ്ടി കൊല്‍ക്കത്തയും പഞ്ചാബുമായിരുന്നു മുന്നില്‍. ഒടുവില്‍ 9.4 കോടിക്ക് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.

Read more about:
EDITORS PICK
SPONSORED