സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ടു കോടിയ്ക്ക്‌

News Desk January 27, 2018

ബെംഗലൂരു: ഐപിഎൽ 2018 താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണിന് കോടികളെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. മുൻ സീസണുകളിലെല്ലാം രാജസ്ഥാന്റെ ഭാഗമായിരുന്ന താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ശക്തമായാണ് മാനേജ്മെന്റ് പരിശ്രമിച്ചത്. ഇതുവരെ ലേലത്തുക പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ വില നേടിയ ആറാമത്തെ താരമാണ് സഞ്ജു.

വെല്ലുവിളി ഉയർത്തി മറ്റ് ടീമുകൾ ലേലത്തിൽ പങ്കളികളായെങ്കിലും രാജസ്ഥാൻ തുടക്കം മുതൽ അവസാനം വരെ സഞ്ജുവിന് വേണ്ടി നിലയുറപ്പിച്ചു. ഒരു കോടിയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. ഇത് എട്ട് കോടിയിലാണ് അവസാനിച്ചത്. ഇതോടെ സഞ്ജു ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ മൂല്യമേറിയ തദ്ദേശീയ കളിക്കാരിലൊരാളായി മാറി.

തുടക്കത്തിൽ ആരുമാരും സഞ്ജുവിനെ വാങ്ങാൻ മുന്നോട്ട് വന്നില്ല. രാജസ്ഥാനാണ് ആദ്യം ലേലത്തുകയിൽ പത്ത് ലക്ഷം കൂടുതൽ പ്രഖ്യാപിച്ചത്. ഇതോടെ മുംബൈ രംഗത്തിറങ്ങി. ഇരു കൂട്ടരും ശക്തമായാണ് ലേലത്തുക ഉയർത്തിയത്. വളരെ ആലോചിച്ചായിരുന്നു ഇരു കൂട്ടരും ലേലത്തുക ഉയർത്തിയത്.

4.2 കോടിയായിരുന്നു താരത്തെ നിലനിർത്താൻ ഡൽഹി ഡയർഡെവിൾസ് കണക്കാക്കിയ തുക. മുംബൈയും രാജസ്ഥാനും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ ലേലത്തുക ഡൽഹി പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയോളം ഉയർന്നു. ഏഴ് കോടി പിന്നിട്ടതോടെ ലേലത്തിൽ നിന്ന് പിൻവാങ്ങാനായിരുന്നു മുംബൈയുടെ തീരുമാനം. രാജസ്ഥാന്റെ മനസറിയാൻ അവർ ലേലത്തുക 7.8 കോടി വരെ എത്തിച്ചു. എന്നാൽ രാജസ്ഥാൻ വിട്ടുകൊടുക്കില്ലെന്ന് മനസിലായതോടെ മുംബൈ ലേലത്തിൽ നിന്ന് പിൻവാങ്ങി.

Read more about:
EDITORS PICK
SPONSORED