കൊച്ചിയിൽ നാളെ ഫാഷൻ രാവ്

Pavithra Janardhanan January 30, 2018

കൊച്ചി: അഞ്ചാമത് കേരള ഫാഷന്‍ ലീഗിന് കൊച്ചിയില്‍ അരങ്ങൊരുങ്ങുന്നു. ഈ മാസം 31ന് കുണ്ടന്നൂര്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാവിലെ പത്തു മണി മുതല്‍ രാത്രി 11 വരെ നീളുന്ന ആറു റൗണ്ടുകളിലായി 75ലധികം പ്രശസ്ത മോഡലുകളും ഡിസൈനര്‍മാരും അണിനിരക്കും. അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ നൂതന വസ്ത്ര സങ്കല്പങ്ങളും മോഡലുകളുടെ ഉജ്വല പ്രകടനവും റാംപില്‍ വിരിയുന്നതു കൊച്ചിക്കും കേരളത്തിനും മാത്രമല്ല രാജ്യത്തിനാകെ പുത്തന്‍ അനുഭവം സമ്മാനിക്കും.

ഒട്ടേറെ സവിശേഷതകളുമായാണ് അഞ്ചാമത് കേരള ഫാഷന്‍ ലീഗ് എത്തുന്നതെന്നു കെഎഫ്എല്‍ ഫൗണ്ടറും സിഇഒയും ഷോ പ്രൊഡ്യൂസറുമായ അഭില്‍ ദേവ്, കോ- പ്രൊഡ്യൂസര്‍ ശില്‍പ അഭില്‍ ദേവ്, ഈവന്റ് ഡയറക്റ്റര്‍ ഇടവേള ബാബു, ഇംപ്രസാരിയോ ഈവന്റ്‌സ് ഡയറക്റ്റര്‍ ഹരീഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാലു സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പുതിയ ടീമാണ് അഞ്ചാം സീസണില്‍ അണിനിരക്കുക.

രാജ്യത്തെ 20ല്‍പ്പരം പ്രമുഖ ഡിസൈനര്‍മാര്‍ ഇതാദ്യമായി ഒരു വേദിയിലെത്തുന്നു, 20 പ്രമുഖ മോഡലുകള്‍ മിസിസ് മോഡല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നു, 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രം അണിനിരക്കുന്ന രാജ്യത്തെ ആദ്യ ഫാഷന്‍ ഷോ റൗണ്ട്, 25ഓളം സെലിബ്രിറ്റികള്‍ എത്തുന്ന കേരളത്തിലെ ആദ്യ സെലിബ്രിറ്റി റൗണ്ട്, പ്രമുഖ നടനും “അമ്മ” സെക്രട്ടറിയുമായ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഷോ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ അഞ്ചാമത് കേരള ഫാഷന്‍ ലീഗിലുണ്ട്.

Tags:
Read more about:
EDITORS PICK