അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു

Pavithra Janardhanan January 31, 2018

അറ്റ്ലസ് ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ദുബായിലെ ജയിലിലാണ്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് അദ്ദേഹം പിടിയിലായത്. ജയിലിലായി മൂന്നു വർഷമായിട്ടും അദ്ദേഹത്തെ പുറത്തിറക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തത്. ദുബായിലെ കേസുകളെ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും കുടുംബാംഗങ്ങൾ കുമ്മനം രാജശേഖരന് കൈമാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെട്ട് അറ്റ്ലസ് രാമചന്ദ്രന്റെ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള പ്രധാനപ്പെട്ട 12 കേസുകളിൽ 11 എണ്ണവും ഒത്തുതീർപ്പാക്കാൻ എതിർകക്ഷികൾ സമ്മതിച്ചതായി റിപ്പോര്‍ട്ട്‌ . കേസുകൾ ഒത്തുതീർപ്പാക്കി ജയിൽ മോചിതനായി പുറത്തെത്തിയാൽ ബാധ്യതകൾ തീർക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ വിദേശത്തെയും നാട്ടിലെയും മുഴുവൻ സ്വത്ത് വിവരങ്ങളെക്കുറിച്ച് എതിർകക്ഷികളെ ധരിപ്പിച്ചിട്ടുണ്ട്.

ബാധ്യത തീർക്കാൻ അദ്ദേഹത്തിന് ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കേസിൽ നിന്ന് പിന്മാറാമെന്ന് ബാങ്കുകളും അറിയിച്ചു. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകൾ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള രേഖകൾ എംബസി വഴി കൈമാറിയതായും വിവരമുണ്ട്. അതേസമയം, രണ്ട് വ്യക്തികളുമായുള്ള കേസുകളിൽ ഇതുവരെ ഒത്തുതീർപ്പായിട്ടില്ല.

ദില്ലിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശികൾ നൽകിയ കേസുകളാണ് ഒത്തുതീർപ്പാകാത്തത്. ഇവരുമായി നടത്തിയ ആദ്യഘട്ട ചർച്ചകൾ ഫലംകണ്ടില്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ കേസുകളും പിൻവലിച്ചാൽ മാത്രമേ അറ്റ്ലസ് രാമചന്ദ്രന്റെ മോചനം എളുപ്പമാകുകയുള്ളു.

Read more about:
RELATED POSTS
EDITORS PICK
SPONSORED