മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല!

News Desk February 8, 2018

15 വര്‍ഷം അവര്‍ ഇണങ്ങിയും പിണങ്ങിയും ജീവിച്ചു.എന്നാല്‍ ജനുവരിയിലെ ദുബായിലേക്കുള്ള യാത്ര തങ്ങളുടെ ജീവിതത്തിലെ അവസാന ദിനമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിയ ദമ്പതികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് ഭാര്യയും ഭര്‍ത്താവും മരിച്ചത്. ജനുവരിയില്‍ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് ദിനേശ് കവാദ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യ നീതു ജെയിന്‍ കവാദ് 13 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ ആയിരുന്ന നീതു ജെയിനെ എയര്‍ ആംബുലന്‍സില്‍ കൊണ്ടു പോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

ദമ്പതികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന 23 വയസുള്ള പാക്കിസ്ഥാനി ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡെസേര്‍ട്ട് സഫാരിക്ക് വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ മിനി ബസില്‍ യാത്ര ചെയ്യുമ്പോള്‍ എമിറേറ്റ്‌സ് റോഡില്‍ അവീറിനടുത്തായാണ് അപകടം. ദിനേഷ് കവാദ് മുന്‍പിലത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. കര്‍ണാടകയില്‍ ബിസിനസുകാരനായിരുന്നു ദിനേശ്.

kawad

ദമ്പതികള്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. ഒന്‍പതുവയസുള്ള മകളും 11 വയസുള്ള മകനും നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ്. അപകടത്തില്‍ മരിച്ച ദിനേശിന്റെ മൃതദേഹം സ്വദേശമായ ബെല്ലാരിയില്‍ എത്തിച്ചിരുന്നു. റാഷിദ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നീതുവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടവിവരം അറിഞ്ഞ് നീതുവിന്റെ സഹോദരനും ദിനേശിന്റെ സഹോദരനും മറ്റു ബന്ധുക്കളും ദുബായില്‍ എത്തി. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെടുമോ എന്ന് 10 ദിവസത്തോളം കാത്തിരുന്നു. യുവതിയെ ബെംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുമ്പോഴാണ് മരണം വില്ലനായത്.

 

 

Read more about:
EDITORS PICK