രാജ്യസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം

News Desk February 10, 2018

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ അജ്‌മേറിലെ ഒരു ബൂത്തില്‍ ബിജെപിക്കു കിട്ടിയത് ഒരു വോട്ട്. മറ്റൊരു ബൂത്തില്‍ രണ്ട് വോട്ട്. ഇനിയൊരിടത്തു പൂജ്യം. ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്തു നേരിട്ട പരാജയം പാര്‍ട്ടിയെ ഞെട്ടിക്കുന്നു. കഴിഞ്ഞമാസം ഉപതിരഞ്ഞെടുപ്പു നടന്ന ലോക്സഭാ മണ്ഡലങ്ങളായ അജ്മേറിലും അല്‍വറിലും നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗറിലും കോണ്‍ഗ്രസാണ് വിജയിച്ചത്.

അജ്മേര്‍ ലോക്സഭാ മണ്ഡലത്തിലെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തും ബിജെപി സ്ഥാനാര്‍ഥിക്കു ഭൂരിപക്ഷം ലഭിച്ചില്ല. അവിടെ നസീര്‍ബാദ് നിയമസഭാ മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തിലാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു മാത്രം ലഭിച്ചത്. കോണ്‍ഗ്രസിന് 582 വോട്ട് ലഭിച്ചു. തൊട്ടടുത്ത 224-ാം നമ്പര്‍ ബൂത്തില്‍ ബിജെപിക്കു രണ്ട് വോട്ടുകള്‍. അവിടെ കോണ്‍ഗ്രസിന് 500 വോട്ടുകള്‍.

ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചത് ദുധു മേഖലയിലെ ഒരു ബൂത്തിലെ (നമ്പര്‍ 49) ഫലമാണ്. അവിടെ ഒരാളും ബിജെപിക്കു വോട്ട് ചെയ്തില്ല. ആകെ പോള്‍ ചെയ്ത 337 വോട്ടുകളും കോണ്‍ഗ്രസിനു കിട്ടി. ഈ ബൂത്തിലെ പാര്‍ട്ടി ഏജന്റിന്റെ വോട്ടുപോലും ബിജെപിക്കു കിട്ടിയില്ലെന്നു സാരം. കോണ്‍ഗ്രസ് നേടിയ വന്‍ഭൂരിപക്ഷമാണു ബിജെപിയെ അലട്ടുന്ന മറ്റൊരു ഘടകം. അല്‍വര്‍ സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചത് 1.96 ലക്ഷം വോട്ടുകള്‍ക്കാണ്. 2014ല്‍ ബിജെപി ഇവിടെ 2.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. അജ്മേറില്‍ 84,000 ആണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം.

Tags:
Read more about:
EDITORS PICK
SPONSORED