പരമ്പര സ്വപ്‌നം വീണുടഞ്ഞു! ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Dhanesh February 11, 2018

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ നിയമപ്രകാരം 28 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 25.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 1/43 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴ വില്ലനായത്. 2 മണിക്കൂറിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി പുനര്‍നിര്‍ണ്ണയിക്കുകയായിരുന്നു.

പരുക്ക് ഭേതമായി തിരിച്ചെത്തിയ എ.ബി ഡിവില്ലിയേഴ്സാണ് ആദ്യം ആക്രമണം അഴിച്ചു വിട്ടത്. ഇന്ത്യന്‍ സ്പിന്നര്‍ ചാഹലിന്റെ ആദ്യ ഓവറില്‍ 2 കൂറ്റന്‍ സിക്സറുകള്‍ ഉള്‍പ്പടെ 16 റണ്‍സ് എടുത്തു. എന്നാല്‍ ഡിവില്ലിയേഴ്സിനെ പുറത്താക്കി പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് എത്തിയപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. വ്യക്തിഗത സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെയാണ് രോഹിത് റബാദയ്ക്കു മുന്നില്‍ അടിയറവുവെച്ചത്. സ്വന്തം ബൗളിംഗില്‍ മികച്ച ക്യാച്ചിലൂടെ രോഹിതിനെ പുറത്താക്കിയ റബാദ ബക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി.

എന്നാല്‍, ധവാനൊപ്പം നായകന്‍ കോഹ്ലികൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ സ്റ്റേഡിയത്തിനു നാലുപാടും ഓടാന്‍ തുടങ്ങി. മികച്ച പന്തുകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയും മോശം പന്തുകളെ കാതങ്ങള്‍ക്കപ്പുറത്തേക്ക് അടിച്ചകറ്റിയും ഇരുവരും മുന്നേറി.കോഹ്ലി 75 റണ്‍സെടുത്തും ധവാന്‍ 109 റണ്‍സുമെടുത്ത് ഇന്ത്യയുടെ സ്‌കോറുയര്‍ത്തി.

തുടര്‍ച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് ഇല്ലാതായത്. പരമ്പര നേട്ടമെന്ന സ്വപ്നം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇനി രണ്ടവസരം കൂടിയുണ്ട്.

Read more about:
EDITORS PICK
SPONSORED